മുംബൈ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ച് എല്ലാവർക്കും മാതൃകയായി റെയിൽവേ പോട്ടർ. ചുമട്ടു തൊഴിലാളിയായ ദശരഥ് ആണ് ഒന്നര ലക്ഷം വിലവരുന്ന ഫോൺ പൊലീസിൽ ഏൽപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിൽനിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ഫോൺ ഇദ്ദേഹം റെയിൽവേ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
മുപ്പത് വർഷമായി മുബൈ ദാദർ റെയിൽവേ സ്റ്റേഷനിൽ പോട്ടറാണ് ഇയാൾ. തിങ്കളാഴ്ച രാത്രി 12 മണിയോടെ ദാദറിലെ നാലാം പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ ലഗ്ഗേജുകളുമായി പോവുകയായിരുന്നു അദ്ദേഹം. ഫോൺ കണ്ട ഇയാൾ യാത്രക്കാരോട് കാര്യം അന്വേഷിച്ചു. തുടർന്നാണ് ദശരഥ് ഫോൺ സ്റ്റേഷനിലെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഫോൺ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ സഹായിയുടേതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഫോൺ ബച്ചന്റെ വിശ്വസ്തനായ മേക്കപ്പ് ആർട്ടിസ്റ്റ് ദീപക് സാവന്തിന്റെതായിരുന്നു. ഫോൺ തിരിച്ചേൽപ്പിച്ച് അൽപ്പസമയത്തിനകം പോലീസ് ഉദ്യോഗസ്ഥർ തന്നെ ദശരഥിനെ വിളിച്ച് ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി അറിയിച്ചു. തുടർന്ന് ദശരഥിനെക്കൊണ്ടുതന്നെ സാവന്തിന് കൈമാറുകയും സാവന്ത് നന്ദി അറിയിക്കുകയും ചെയ്തു.
തനിക്ക് കിട്ടിയ ഫോണിന്റെ വില എത്രയാണെന്നോ, മോഡൽ എന്താണെന്നോ ഒന്നും മനസ്സിലായിരുന്നില്ല എന്ന് ദശരഥ് പറഞ്ഞു. ദശരഥിന് ദിവസം ലഭിക്കുന്നത് തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. എന്നിട്ടും വിലപിടിച്ച ഫോൺ തിരിച്ചേൽപ്പിച്ചതിന് ഇയാളെ അഭിനന്ദിച്ച് ധാരാളംപേർ രംഗത്ത് എത്തിയിട്ടുണ്ട്.
Comments