കോഴിക്കോട് : ഹിന്ദുത്വത്തെ വിമര്‍ശിച്ച കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസിനെതിരെ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
നടപടി പ്രതിഷേധാര്‍ഹമാണ് . ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ‘ഹിന്ദുത്വ’ എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ലെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന കേസ് നുണയാണെന്നും റിയാസ് ആരോപിക്കുന്നു .
ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചേതനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20-ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Comments