റായ്പൂർ : മരിച്ച പോലീസ് കോൺസ്റ്റബിളിന്റെ അഞ്ച് വയസ്സുള്ള മകനെ ചത്തീസ്ഗഡിൽ ചൈൽഡ് കോൺസ്റ്റബിളായി നിയമിച്ചു. യുകെജി വിദ്യാർത്ഥിയായ നമാൻ രാജ്വാഡെയാണ് ഛത്തീസ്ഗഡിലെ സർഗുജയിൽ ചൈൽഡ് കോൺസ്റ്റബിളായി നിയമിതനായത്. മഹിളാ താനയിലെ പോലീസ് കോൺസ്റ്റബിളായ പിതാവ് രാജ് കുമാർ രാജ്വാഡെ റോഡപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തീരുമാനം.
ഭർത്താവ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് മകനെ ചൈൽഡ് കോൺസ്റ്റബിളായി നിയമിച്ചതെന്ന് ഭാര്യ നിതു രാജ്വാഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് അൽപ്പം വേദനിപ്പിക്കുന്നതാണെങ്കിലും മകന് ലഭിച്ച ഈ പദവിയിൽ സന്തോഷമുണ്ടെന്നും നിതു പറഞ്ഞു.
ഭരണകൂടത്തിന്റെയും പോലീസിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് എസ്പി ഭാവ്ന ഗുപ്ത പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പോലീസ് നിർദ്ദേശങ്ങൾ അനുസരിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ, അവരെ ‘കുട്ടി കോൺസ്റ്റബിൾ’ എന്ന തസ്തികയിലേക്കാണ് നിയമിക്കുന്നത്. ഇതിൻ പ്രകാരമാണ് നമാൻ രാജ്വാഡെയെ ചൈൽഡ് കോൺസ്റ്റബിളായി നിയമിച്ചതെന്നും എസ്പി വ്യക്തമാക്കി.
Comments