വാഷിംഗ്ടൺ : നാഷണൽ പ്രസ് ക്ലബിൽ കശ്മീരിനെക്കുറിച്ചുള്ള ചർച്ചയിൽ ബഹളമുണ്ടാക്കിയ പാകിസ്ഥാൻ ഉദ്യോഗസ്ഥരെ പുറത്താക്കി . കശ്മീരിലെ യുവനേതാക്കളെ വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബിൽ ചർച്ചയ്‌ക്ക് ക്ഷണിച്ചിരുന്നു. ഇതിൽ കശ്മീരിലെ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് അവിടെയുണ്ടായിരുന്ന ചില പാകിസ്ഥാൻ ഉദ്യോഗസ്ഥർ ബഹളം വെച്ചത്. ഇതിന് പിന്നാലെയാണ് സംഘാടകർ ഇവരെ പുറത്താക്കിയത്. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്
കശ്മീർ- അശാന്തിയിൽ നിന്ന് പരിവർത്തനത്തിലേക്ക് എന്നതായിരുന്നു വാഷിംഗ്ടണിൽ നടന്ന സംവാദത്തിന്റെ വിഷയം . ഇന്റർനാഷണൽ സെന്റർ ഫോർ പീസ് സ്റ്റഡീസ് കശ്മീർ താഴ്‌വരയിൽ നിന്നുള്ള രണ്ട് യുവ നേതാക്കളായ ജമ്മു കശ്മീർ വർക്കേഴ്‌സ് പാർട്ടി (ജെകെഡബ്ല്യുപി) പ്രസിഡന്റ് മിർ ജുനൈദിനെയും തൗസീഫ് റെയ്‌നയെയും ചർച്ചയ്‌ക്ക് ക്ഷണിച്ചു. ‘ കശ്മീരിൽ ഇപ്പോൾ സമാധാനവും സമൃദ്ധിയും ഉണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ജമ്മു കശ്മീർ സമീപകാലത്ത് അത്തരം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അതിന്റെ ഫലമായി അത് ഇപ്പോൾ ഒരു പുരോഗമന കേന്ദ്ര ഭരണ പ്രദേശമായി മാറുകയാണ്.‘ എന്നായിരുന്നു ചർച്ചയ്‌ക്കിടെ മിർ ജുനൈദ് പറഞ്ഞത് .
ചില രാജ്യങ്ങൾ ആഗോള തലത്തിൽ ലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. കശ്മീരിന്റെ സമാധാനം, സമൃദ്ധി, പുരോഗതി എന്നിവയുമായി അവർക്ക് ഒരു ബന്ധവുമില്ല. കശ്മീരിൽ അക്രമം വർധിപ്പിക്കുക മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. വാചാടോപത്തിൽ നിന്ന് പുറത്തുകടക്കണം. കശ്മീരിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നവർ ഇപ്പോൾ പ്രതിഷേധങ്ങളും കർശന നിയമങ്ങളും നേരിടുകയാണ്. അതുകൊണ്ടാണ് ഹുറിയത്ത് കോൺഫറൻസിന് അവിടെ പ്രവർത്തിക്കാൻ കഴിയാത്തത്.- എന്നാണ് പാകിസ്താനെ ലക്ഷ്യമിട്ട് ജുനൈദ് പറഞ്ഞത് .
ജുനൈദിന്റെ പ്രസ്താവനയെ തുടർന്ന് അവിടെയുണ്ടായിരുന്ന പാക് ഉദ്യോഗസ്ഥർ രോഷാകുലരായി. അവർ വേദിയിൽ കയറി ബഹളം ഉണ്ടാക്കാൻ തുടങ്ങി. അതിനിടയിൽ അവർ ജുനൈദിനോട് – നിങ്ങൾ ലജ്ജിക്കണം.- എന്നും പറയുന്നുണ്ടായിരുന്നു . അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയെത്തി പാകിസ്താനികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
ബഹളങ്ങൾക്ക് പിന്നാലെ കശ്മീരിലെ യുവ നേതാക്കൾ ‘ ഇവരുടെ യഥാർത്ഥ മുഖം എല്ലാവരുടെയും മുന്നിൽ വന്നിരിക്കുന്നു. ഇക്കൂട്ടർ കാശ്മീരിൽ ചെയ്യുന്നത് തന്നെയാണ് ഇന്ന് വാഷിംഗ്ടണിൽ സംഭവിച്ചത്. ഏത് തരത്തിലുള്ള മാനസികാവസ്ഥയാണ് ഇവർക്കുള്ളതെന്ന് ഇത് തെളിയിക്കുന്നു.‘ എന്നും വ്യക്തമാക്കി .
Comments