ന്യൂഡൽഹി: അമേരിക്കൻ സ്റ്റണ്ട് അഭ്യാസിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയുമായ കിറ്റി ഒനീലിനെ 77-ാം ജന്മദിനത്തിൽ ആദരിച്ച് ഗൂഗിൾ. ഗൂഗിൾ ഡൂഡിലൂടെയാണ് കിറ്റി ഒനീലിനെ ആദരിച്ചത്. കുട്ടിക്കാലം മുതൽ ബധിരയായിരുന്ന കിറ്റി സ്റ്റണ്ട് വുമൺ, റേസ് ഡ്രൈവർ എന്നീ നിലകളിൽ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ സിനിമയിലെ ഒരു ആക്ഷൻ കഥാപാത്രമായും കിറ്റിയുടെ പ്രകടനം വ്യക്തമാക്കിയിരുന്നു.
വ്യക്തമായ അർത്ഥമുള്ളതായ വരകളോ ആകൃതികളോ ഉള്ള ലളിതമായ ഡ്രോയിംഗുകളാണ് ഡൂഡിലുകൾ. ഇന്ന് ഗൂഗിളിന്റെ ഡൂഡിലിൽ കിറ്റി ഒനീലാണ് താരം. വാഷിംങ്ടൺ ഡിസി ആസ്ഥാനമായുള്ള ബധിര ഗസ്റ്റ് ആർട്ടിസ്റ്റായ മീയാ ടിജിയാങാണ് കിറ്റി ഒനീലിന്റെ ഗൂഗിൾ ഡൂഡിൽ തയ്യാറാക്കിയത്. 1970-കളിൽ താരമായിരുന്ന കിറ്റി കേൾവി ശക്തിയില്ല എന്ന വെല്ലുവിളിയെ മറി കടന്നാണ് തന്റെ കഴിവ് തെളിയിച്ചിരുന്നത്.
1946 മാർച്ച് 24-നാണ് ടെക്സസിലെ കോർപ്പസ് ക്രിസ്റ്റിയിൽ കിറ്റി ലിൻ ജനിച്ചത്. 1970-കളിൽ കിറ്റി സ്റ്റണ്ട് ജോലിയിൽ പ്രവേശിച്ചു. 1976ൽ, പ്രമുഖ സ്റ്റണ്ട് ഏജൻസിയായ സ്റ്റണ്ട്സ് അൺലിമിറ്റഡിനൊപ്പം അഭ്യാസം അവതരിപ്പിക്കുന്ന ആദ്യ വനിതയായി. 1977-ൽ മണിക്കൂറിൽ 275 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് കിറ്റി വനിതാ റെക്കോർഡ് നേടിയിരുന്നു. കൂടാതെ 1970-ൽ മണിക്കൂറിൽ 168.74 കിലോമീറ്റർ വനിതാ വാട്ടർ സ്കീയിംഗ് റെക്കോർഡ് കിറ്റി സ്വന്തമാക്കിയിരുന്നു.
വാട്ടർ സ്കീയിംഗ്, മോട്ടോർ സൈക്കിൾ റേസിംഗ് തുടങ്ങിയ അതിവേഗ കായിക പ്രവൃത്തികളിൽ കിറ്റി പരിശീലനം നേടിയിട്ടുണ്ട്. അപകടകരവും സാഹസികകരവുമായ അഭ്യാസങ്ങൾ ചെയ്യുന്നതിലൂടെയാണ് കിറ്റി ലോക ശ്രദ്ധ നേടിയിരുന്നത്. 1976-ൽ റോക്കറ്റിൽ പ്രവർത്തിക്കുന്ന മോട്ടിവേറ്റർ കാറിൽ മണിക്കൂറിൽ 512.76 മൈൽ വേഗതയിൽ അൽവോർഡ് മരുഭൂമിയിലൂടെ സഞ്ചരിച്ചത് കിറ്റിയുടെ കരിയറിൽ തന്നെ മികവുറ്റ പ്രകടനമായിരുന്നു. ഈ പ്രകടനം നടത്തി ജീവിച്ചിരിക്കുന്ന ആദ്യ വേഗതയേറിയ സ്ത്രീ എന്ന പദവിയും കിറ്റിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2018 നവംബർ രണ്ടിന് സൗത്ത് ഡക്കോട്ടയിലെ യുറേക്കയിൽ ന്യുമോണിയ ബാധിച്ചായിരുന്നു കിറ്റിയുടെ മരണം. 2019ൽ അവർക്ക് ഓസ്കാർ ഇൻ മെമ്മോറിയം അവാർഡ് ലഭിച്ചിട്ടുണ്ട്.
Comments