ശാരീരിക വൈഷമ്യങ്ങളെ മറികടന്ന് എൻഎംഎംഎസ് നേടിയ വൈഷ്ണവിന്റെ വിജയത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. ദൈവത്തിന്റെ കയ്യൊപ്പമുള്ള മുഹൂർത്തമെന്നാണ് അദ്ദേഹം വൈഷ്ണവിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. വീൽചെയറിന്റെ സഹായത്താൽ സ്കൂളിലെത്തി, നന്നായി പഠിച്ച്, NMMS കരസ്ഥമാക്കിയ വൈഷ്ണവ് കേവലം വിദ്യാർത്ഥികൾക്ക് മാത്രമല്ല, നാമോരോരുത്തർക്കും മാതൃകയാണെന്ന് ഓർമ്മപ്പെടുത്തുന്നു.
കേരളത്തിലെ സർക്കാർ/എയിഡഡ് സ്കൂളുകളിലെ 8–ാം ക്ലാസ് വിദ്യാർത്ഥികൾക്ക്, സംസ്ഥാനതലത്തിൽ നടത്തുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയാണ് എൻഎംഎംഎസ്. പരീക്ഷയിൽ അർഹത നേടുന്നവർക്ക് 9 ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ, പ്രതിവർഷം 12,000 രൂപ സ്കോളർഷിപ്പ് കിട്ടും. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രം എത്തിപ്പിടിക്കാവുന്ന ഈ വിജയം കരസ്ഥമാക്കിയ വൈഷ്ണവിനെ ക്ലാസ് ടീച്ചറായ രജനി വന്ന് കാണുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്യുന്ന ദൃശ്യമാണ് ശ്രീജിത്ത് മൂത്തേടത്ത് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
ഈ ചിത്രം നോക്കൂ..
ദൈവത്തിന്റെ കയ്യൊപ്പുള്ള മുഹൂർത്തമാണിതെന്ന് ഞാൻ പറയും.
ഇത്രയും സുന്ദരമായൊരു ചിത്രം അടുത്തൊന്നും കണ്ടിട്ടില്ല.
ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച് National Means-cum-Merit Scholarship (NMMS) നേടിയ വൈഷ്ണവിനെ അവന്റെ ക്ലാസ് ടീച്ചർ വീട്ടിലെത്തി അഭിനന്ദിക്കുകയാണ്.
വൈഷ്ണവ് ടി.വി. എന്ന എട്ടാം ക്ലാസുകാരൻ ശരീരം പാരലൈസ്ഡ് ആണെങ്കിലും വീൽചെയറിന്റെ സഹായത്താൽ എന്നും ക്ലാസിലെത്തും. നന്നായി പഠിക്കും. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രം എത്തിപ്പിടിക്കാവുന്ന വിജയമാണല്ലോ NMMS.
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ NMMS നേടിയിരിക്കുന്നത് വൈഷ്ണവിന്റെ ചേർപ്പ് CNN ബോയ്സ് ഹൈസ്കൂൾ ആണ്.
അല്ലായെങ്കിലും കേരളത്തിലെ മുഴുവൻ സ്കൂളുകളിലെ NMMS വിജയവുമായി താരതമ്യം ചെയ്താലും വൈഷ്ണവിന്റെ വിജയത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും.
അത്രയും തിളക്കമുണ്ട് ഈ വിജയത്തിന്.
അവന്റെ ചിരിക്ക് ആയിരം സൂര്യൻമാരുടെ ശോഭയുണ്ട്.
അഭിമാനമുണ്ട്. അച്ഛനമ്മമാരിലും മുത്തച്ഛനിലും അത് പ്രതിഫലിക്കുന്നുണ്ട്.
എത്ര മനോഹരമായ നിമിഷമാണിത്!
അവന്റെ ക്ലാസ് ടീച്ചറായ രജനി ടീച്ചർ ശിരസ്സിൽ കൈവെച്ചനുഗ്രഹിക്കുന്നു. ടീച്ചറുടെ മുഖത്തുമുണ്ട് പൗർണ്ണമിനിലാവിന്റെ തിളക്കമുള്ള വാത്സല്യപ്പാൽച്ചിരി.
നല്ലൊരു ചിത്രകാരൻ കൂടിയാണ് വൈഷ്ണവ് എന്ന് അവന്റെ ഹെഡ് മാസ്റ്റർ പ്രവീൺ മാഷുടെ fb പോസ്റ്റിൽ നിന്നും അറിയാൻ കഴിയുന്നു. സ്കൂൾ വൈഷ്ണവിന് നൽകുന്ന പിന്തുണ ആ postൽ നിന്നും വ്യക്തമാണ്.
Comments