തൃശൂർ: കൂളിംഗ് ഫിലിം അനധികൃതമായി ഒട്ടിച്ചതിന് ‘ബൈക്ക് യാത്രികന്’ വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ നൗഷാദിനാണ് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിലുള്ള പിഴ അടയ്ക്കണമെന്ന നോട്ടീസ് ‘കാറില്ലെങ്കിലും’ ലഭിച്ചത്. 3,250 രൂപ പിഴ തുകയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ ആർടി ഓഫീസിൽ നിന്നാണ് കത്തയച്ചിരിക്കുന്നതെന്ന് നൗഷാദ് പ്രതികരിച്ചു.
കൂളിംഗ് ഫിലിം ഒട്ടിച്ചതിനും നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. എന്നാൽ തൃശൂരിൽ ജോലി ചെയ്യുന്ന താൻ അടുത്ത കാലത്തൊന്നും കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോയിട്ടില്ലെന്നും തന്റെ പേരിൽ കാർ ഇല്ലെന്നും നൗഷാദ് പറയുന്നു.
കൂടാതെ, ആർടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഒപ്പം വാഹനത്തിന്റെ സ്ഥാനത്ത് സ്കൂട്ടർ എന്ന് എഴുതിയിട്ടുമുണ്ട്. എന്നാൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസവും വാഹന നമ്പരും നൗഷാദിന്റെ ബൈക്കിന്റേതാണ്.
കോതമംഗലം മലയിൻകീഴ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് എംവിഡിയുട വാദം. കത്തിൽ പറയുന്ന വസ്തുതകളിലെ വൈരുദ്ധ്യം മൂലം ഏറെ ആശയക്കുഴപ്പത്തിലാണ് നിലവിൽ നൗഷാദ്.
Comments