ശ്രീനഗർ: ജമ്മുകശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉടൻ പ്രവർത്തനക്ഷമമാകും. 1400 കോടി രൂപയുടെ സ്വപ്ന പദ്ധതിയായ ചെനാബ് റെയിൽവേ പാലം ഉടൻ പൂർത്തിയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതും നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ ചെനാബ് നദിയ്ക്ക് കുറുകെയുമാണ് റെയിൽവേ പാലം നിർമിച്ചിരിക്കുന്നത്.
റെയിൽവേ പാലത്തിന് അനുമതി നൽകുന്നതിനായി എല്ലാ നിർബന്ധിത പരിശോധനകളും നടത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2003-ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും സ്ഥിരതയും സുരക്ഷയും കാരണം രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ജമ്മുകശ്മീരിലെ ജനങ്ങൾക്ക് പാലം ലഭിക്കുന്നത്. 2008-ൽ അന്നത്തെ സർക്കാരാണ് ചെനാബ് റെയിൽവേ പാലം നിർമിക്കുന്നതിനുള്ള കരാർ നൽകിയത്.
ചെനാബ് റെയിൽവേ പാലത്തിന് 120 വർഷം കാലദൈർഘ്യമുണ്ടാകും. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാൻ പാലത്തിന് കഴിയും. 12.75 കിലോമീറ്റർ നീളമുള്ള ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം നിർമിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. റെയിൽവേ പാലത്തിന്റെ നിർമ്മാണം സിവിൽ-എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.
Comments