മുംബൈ : നടൻ നവാസുദ്ദീൻ സിദ്ദിഖി തന്റെ സഹോദരൻ ഷമസുദ്ദീനെയും മുൻ ഭാര്യ അഞ്ജന പാണ്ഡെയെയും എതിര്കക്ഷികളാക്കി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇവർ തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ ഉന്നയിച്ചതു കാരണം തനിക്ക് നേരിട്ട മാനനഷ്ടത്തിനും പീഡനത്തിനും നഷ്ടപരിഹാരമായി 100 കോടി രൂപ നൽകണമെന്നാണ് കേസ്.
അഭിഭാഷകനായ സുനിൽ കുമാർ മുഖേന ഫയൽ ചെയ്ത കേസ് ജസ്റ്റിസ് റിയാസ് ചഗ്ലയുടെ ബെഞ്ചിന് മുമ്പാകെ മാർച്ച് 30 ന് വാദം കേൾക്കും.
നടനെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് ഇരുവരെയും ശാശ്വതമായി തടയാൻ കോടതി ഉത്തരവിടണമെന്ന് സിദ്ദിഖി ആവശ്യപ്പെട്ടു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപകീർത്തികരമായ ഒരു ഉള്ളടക്കവും പ്രസിദ്ധീകരിക്കരുതെന്നും അവരുടെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ കൂടി തനിക്കെതിരെ നടത്തിയ അപകീർത്തികരമായ ആരോപണങ്ങൾ പിൻവലിക്കാനും തന്റെ സഹോദരനോടും മുൻ ഭാര്യയോടും നിർദ്ദേശിക്കണമെന്ന് സിദ്ദിഖി ആവശ്യപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്തിയതിന് രേഖാമൂലം പരസ്യമായി മാപ്പ് പറയണമെന്നും സിദ്ദിഖി ആവശ്യപ്പെടുന്നുണ്ട്.
തെറ്റായതും ദുരുദ്ദേശ്യപരവുമായ വിവരങ്ങൾ കൈമാറാൻ വേണ്ടി സമീപിച്ച ആളുകളെക്കുറിച്ച് പൂർണ്ണമായ വെളിപ്പെടുത്തൽ നടത്താൻ കോടതി ഇരുവരോടും നിർദ്ദേശിക്കണമെന്നും സിദ്ദിഖി ആവശ്യപ്പെട്ടിട്ടുണ്ട്. എതിർകക്ഷികൾക്ക് ഇരുവർക്കും അവരുടെ സ്വത്തുക്കൾ വിനിയോഗിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വിലക്കേർപ്പെടുത്തണമെന്നും, സിദ്ദിഖിക്കു ഉണ്ടായ നാശനഷ്ടങ്ങളോ മറ്റ് പണച്ചെലവുകളോ അവരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു. .
സിദ്ദിഖിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തന്നോട് നടനാകാനുള്ള വ്യക്തിത്വമില്ലെന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു. 2008-ൽ, സഹോദരൻ ഷമസുദ്ദീൻ ജോലിയില്ലെന്ന് പറഞ്ഞപ്പോൾ, സിദ്ദിഖ് അയാളെ തന്റെ കൂടെ കൂട്ടി, ഓഡിറ്റിംഗ്, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ജിഎസ്ടി, ഡ്യൂട്ടി അടയ്‌ക്കൽ തുടങ്ങിയ ജോലികളുള്ള തന്റെ മാനേജരായി നിയമിച്ചു. ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, എടിഎം, ഒപ്പിട്ട ചെക്ക് ബുക്ക്, ബാങ്ക് പാസ്‌വേഡുകൾ, ഇമെയിൽ വിലാസം തുടങ്ങി എല്ലാം തന്റെ സഹോദരന് അന്ധമായി കൈമാറിയെന്നാണ് സിദ്ദിഖിന്റെ സ്യൂട്ടിൽ പറയുന്നത്.
എന്നാൽ തന്റെ സഹോദരൻ സത്യസന്ധനല്ലായിരുന്നെന്നും തന്നെ വഞ്ചിക്കാൻ തുടങ്ങിയെന്നും സിദ്ദിഖി ആരോപിക്കുന്നു. തിരക്കുള്ള നടനായതിനാൽ, ഷമസുദ്ദീൻ നടത്തിയ ഇടപാടുകളെയും ചെലവുകളെയും കുറിച്ച് പരിശോധിക്കാൻ തനിക്ക് സമയമില്ലായിരുന്നുവെന്നു അദ്ദേഹം അവകാശപ്പെടുന്നു. സംശയം തോന്നി തന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ തനിക്കെതിരെ കേസുകൾ ഫയൽ ചെയ്യാൻ അയാൾ തന്റെ മുൻ ഭാര്യയെ പ്രേരിപ്പിച്ചുവെന്ന് സിദ്ദിഖി പറയുന്നു.
തന്റെ മുൻ ഭാര്യ വിവാഹത്തിന് മുമ്പ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്നും എന്നാൽ അവൾ അവിവാഹിതയായ മുസ്ലീമാണെന്ന് തന്നോട് കള്ളം പറയുകയാരുന്നുവെന്നും സിദ്ദിഖി പറയുന്നു. ഒടുവിൽ സത്യം മനസ്സിലാക്കിയ അദ്ദേഹം ഞെട്ടിപ്പോയെന്നും അവകാശപ്പെട്ടു.
ഔപചാരികമോ, അനൗപചാരികമോ ആയ പല മീറ്റിംഗുകളിലേക്കും തന്റെ മാനേജർ എന്ന നിലയിൽ സഹോദരന് പ്രവേശനമുണ്ടായിരുന്നു. പലതിന്റെയും വീഡിയോ, ഓഡിയോ സംഭാഷണങ്ങൾ ഒക്കെ അയാൾ റെക്കോർഡ് ചെയ്തിട്ടുമുണ്ടാകും. ഇവ തികച്ചും വ്യക്തിപരമാണെന്നും പരസ്യമാക്കാനാകില്ലെന്നും പരാതിയിൽ പറയുന്നു.
കുറച്ച് നാളുകൾക്ക് ശേഷം സഹോദരനുമായുള്ള ബന്ധം വഷളായതിനാൽ 2020-ൽ മാനേജരായുള്ള അയാളുടെ സേവനം അവസാനിപ്പിക്കുകയും ആദായനികുതി, ജിഎസ്ടി, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്ന് നിയമപരമായ ചില അറിയിപ്പുകൾ ലഭിച്ചപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുകയും ചെയ്തുവെന്ന് സിദ്ദിഖി പറയുന്നു. സിദ്ദിഖി പറയുന്നതനുസരിച്ച്, വിവിധ വകുപ്പുകളിലേക്ക് 37 കോടി രൂപയാണ് അടക്കാത്തത്.
തന്റെ സ്വത്ത് തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരനും മുൻഭാര്യയും ചേർന്ന് “വിലകുറഞ്ഞ വീഡിയോകളും സോഷ്യൽ മീഡിയയിൽ ” നൽകി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയെന്ന് സിദ്ദിഖി ആരോപിച്ചു. ഷമസുദ്ദീൻ തങ്ങളുടെ മറ്റ് സഹോദരന്മാരെയും ഇത് പറഞ്ഞു പഠിപ്പിച്ചുവെന്ന് സിദ്ദിഖി ആരോപിച്ചു. പക്ഷെ പണം തട്ടിയതിന്റെ പേരിൽ പ്രധാനമായും ഷമസുദ്ദീനും മുൻ ഭാര്യക്കും എതിരെയാണ് അദ്ദേഹത്തിന്റെ ആരോപണം.
തന്റെ മുൻ ഭാര്യക്ക് പ്രൊഡക്ഷൻ ഹൗസ് തുടങ്ങാൻ 2.5 കോടി നൽകിയപ്പോൾ മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 10 ലക്ഷം രൂപ നൽകിയതായി സിദ്ദിഖി അവകാശപ്പെടുന്നു, എന്നാൽ അത് അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് ആരോപണം.
സഹോദരനും മുൻഭാര്യയും പോസ്റ്റ് ചെയ്ത തെറ്റായ വീഡിയോകളും പോസ്റ്റുകളും മൂലം ഉണ്ടായ വ്യാജവും അപകീർത്തികരവുമായ വിവാദങ്ങൾ കാരണം തനിക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സിദ്ദിഖി പറയുന്നു. തന്റെ വരാനിരിക്കുന്ന സിനിമകൾ മാറ്റിവയ്‌ക്കുകയാണെന്നും തന്റെ സഹോദരന്റെയും മുൻ ഭാര്യയുടെയും അപകീർത്തികരമായ പോസ്റ്റുകളും ലേഖനങ്ങളും കാരണം സിദ്ദിഖിന് “സാമൂഹിക സമ്മേളനങ്ങളിൽ വരാനും പൊതുസമൂഹത്തിന് മുന്നിൽ വരാനും വളരെ ലജ്ജ തോന്നുന്നു” എന്നും അദ്ദേഹം അവകാശപ്പെടുന്നു.
Comments