ഫിലാഡെല്‍ഫിയ: ആറ് വയസ് പ്രായമുള്ള മകനെയും നാലും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളോടും കൊടും ക്രൂരത കാണിച്ച മാതാപിതാക്കള്‍ പിടിയിൽ. സംഭവത്തിൽ 30കാരിയായ മിഷെല്‍ ക്യാംബെലും 31കാരനായ പോള്‍ വെബ്ബറുമാണ് പിടിയിലായത്. ആറു വയസുകാരനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടക്കുകയും അനിയത്തിമാരെ മഴയിൽ നിർത്തുകയുമായിരുന്നു. ഫിലാഡെല്‍ഫിയയിലെ വീട്ടിലാണ് കുട്ടികൾക്ക് മാതാപിതാക്കളില്‍ നിന്ന് വളരെ മോശം അനുഭവമുണ്ടായത്.
ഒരു ബ്ലാങ്കറ്റ് മാത്രമായിരുന്നു ആറ് വയസുകാരന് നായയുടെ കൂട്ടില്‍ ഇട്ട് നല്‍കിയിരുന്നത്. പെണ്‍കുട്ടികളെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തിയായിരുന്നു രക്ഷിതാക്കളുടെ മറ്റൊരു ക്രൂരത. ഇത് കണ്ട അയല്‍വാസിയാണ് കുട്ടികളെ മഴയത്ത് കിടത്തിയിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസാണ് മകനെ നായയുടെ കൂട്ടില്‍ അടച്ചത് കാണുന്നത്. കൂട് അടച്ചെന്ന് ഉറപ്പുവരുത്താന്‍ സിപ്പ് ടൈ ഉപയോഗിച്ച് അടയ്‌ക്കാനും ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു.
അതേസമയം വീട്ടിലുണ്ടായിരുന്ന നാല്‍പതുകാരിയെയും 80 വയസ് പ്രായമുള്ള വൃദ്ധയേയും പോലീസ് സംരക്ഷണം നൽകി. മഴയത്ത് ഡയപ്പര്‍ മാത്രമിട്ട് തണുത്ത് മരവിക്കുന്ന നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. ഇതോടൊപ്പം തന്നെ വീട്ടില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മറ്റൊരു യുവാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ദമ്പതികളുടെ ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കുട്ടികള്‍ പരിക്കേറ്റ നിലയില്‍ അല്ല. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ സ്കൂളിലായിരുന്നുവെന്നും പൊലീസ് വിശദമാക്കി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് നിലവില്‍ കുട്ടികളുള്ളത്.
Comments