ദുബായ്: കോഴിയിറച്ചി, മുട്ട എന്നിവയുടെ വില വർധനയ്‌ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കൾക്കും വില വർധിക്കുമെന്ന ആശങ്ക വേണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. വിലക്കുറവുള്ള വസ്തുക്കൾ തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. കോഴിയിറച്ചിക്കും കോഴി മുട്ടയ്‌ക്കുമുണ്ടായ വില വർധനാനുമതി നിശ്ചിത ദേശീയ ഉൽപാദന കമ്പനികൾക്ക് മാത്രമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽശാംസി അറിയിച്ചു.13 ശതമാനമാണ് കോഴിക്കും മുട്ടയ്‌ക്കും വില വർധിച്ചത്.
കോഴിത്തീറ്റയ്‌ക്കും അനുബന്ധ ഉത്പന്നങ്ങൾക്കുമുണ്ടായ 40% വില വർധനയും ഫാമുകളുടെ നടത്തിപ്പ് ചെലവും പരിഗണിച്ചാണ് വർധനവ് നടപ്പാക്കിയത്. ഏതാനും മാസങ്ങൾക്ക് ശേഷം വർധനവ് പുനഃപരിശോധിക്കും. ഉത്പാദനച്ചെലവ് കുറയുന്നതിന്റെ അടിസ്ഥാനത്തിൽ പഴയ വിലയിലേക്ക് തിരിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം 590 പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിൽ 513 എണ്ണം തീർപ്പാക്കി. കഴിഞ്ഞ വർഷം ലഭിച്ച 3,313 പരാതികളിൽ 97% പരാതികളും പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments