തിരുവനന്തപുരം : നല്ല ആൾക്കാർ,സമാധാന അന്തരീക്ഷം, ശുദ്ധവായു, നല്ല ഭക്ഷണം അങ്ങനെ രണ്ട് ദിവസം വരെ കോവളം ഏറെ ഹൃദ്യമായിരുന്നു നെതർലൻഡ്സ് സ്വദേശിയായ കാൽവിൻ സ്കോൾട്ടന് .എന്നാൽ ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള മതിപ്പും സ്നേഹവും കഴിഞ്ഞ ദിവസത്തെ ഭീകര സംഭവത്തോടെ തകർന്നു . ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്നും കാൽവിൻ പറയുന്നു.
കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് സവാരിയെ ചൊല്ലി സ്വകാര്യ വാഹനത്തിന്റെയും ടാക്സിയുടെയും ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവിൻ ക്രൂരമർദനത്തിനിരയായത്. കാറിൽ നിന്നു വലിച്ചിറക്കിയ തന്നെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ തലങ്ങും വിലങ്ങുമായി മർദിക്കുകയായിരുന്നുവെന്ന് കാൽവിൻ വേദനയോടെ പറഞ്ഞു. ദേഹമാസകലം വേദനയാണ്. അങ്ങിങ്ങു മുറിവുകളുമുണ്ട്. അനാരോഗ്യമുള്ള പിതാവിന് മർദനമേൽക്കാത്തതിൽ ആശ്വസിക്കുകയാണ് കാൽവിൻ.
കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഈ നാടിനോടുള്ള മമത തീർത്തും ഇല്ലാതായി എന്നു കാൽവിൻ വേദനയോടെ പറഞ്ഞു.നാട്ടിലെ കാളപ്പോരിനെക്കാളും ഇവിടെ നാട്ടുകാർ വിറളിപൂണ്ട് നിൽക്കുന്ന കാഴ്ച തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ മാറുന്നില്ലെന്നും കാൽവിൻ പറയുന്നു . കാൽവിൻ മലയാളി സുഹൃത്തുക്കളുടെ ധൈര്യത്തിലാണ് പുറത്തിറങ്ങുന്നത്. അപരിചിതരെ കാണുമ്പോൾ കാൽവിൻ ഭയക്കുകയാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇത്രയും മോശപ്പെട്ടവർ ഇനി എന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്. പിടി കൂടിയതിനു പിന്നാലെ ഇവിടെ പ്രതിക്ക് ജാമ്യം നൽകിയെന്നതും കാൽവിനെ ഭയപ്പെടുത്തുന്നു. തന്റെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നുവെന്നും കാൽവിൻ പറഞ്ഞു.
Comments