ന്യൂഡൽഹി: ഇന്ത്യൻ സൈക്ലിംഗ് അസോസിയേഷന്റെയും തുർക്കിഷ് എംബസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓപ്പറേഷൻ ദോസ്തിന്റെ സ്മരണാർത്ഥം ഡൽഹിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇന്ത്യയിലെ തുർക്കി അംബസിഡർ ഫിരത് സുനേൽ പരിപാടിയിൽ പങ്കെടുത്തു.
ഓപ്പറേഷൻ ദോസ്ത് വൻ വിജയമായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുളള സൗഹ്യദം ആണ് ഈ പരിപാടിയിലൂടെ വ്യക്തമാക്കുന്നതെന്ന് തുർക്കിഷ് അംബാസിഡർ സൈക്കിൾ റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള സൗഹ്യദത്തിന്റെ സൈക്കിൾ യാത്രയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയിലെ ഇരകളോടും അവിടെയുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ദോസ്ത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. അതിനു നൽകിയ സംഭവനകൾക്ക് ഇന്ത്യൻ ജനതയോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ ദോസ്ത് വളരെ വിജയകരമായിരുന്ന രക്ഷാദൗത്യമായിരുന്നെന്നും ദുരന്തമുണ്ടായ ഉടൻ തന്നെ ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചെന്നും ഫിരത് സുനേൽ ചൂണ്ടിക്കാട്ടി. ഭൂകമ്പത്തിനു ശേഷമുളള 48 മണിക്കൂർ വളരെ നിർണായകമായിരുന്നു. ഈ സമയത്ത് അടിയന്തിരമായ സഹായം ഇന്ത്യയിലെ ജനങ്ങളിൽ നിന്നും ലഭിച്ചു. ടൺകണക്കിന് പുതപ്പുകളും മറ്റ് അവശ്യ വസ്തുക്കളും ഇന്ത്യയിലെ ജനങ്ങൾ എത്തിച്ചു. ഇത് ഇന്ത്യയും തുർക്കിയും തമ്മിലുളള സൗഹ്യദത്തിന്റെ കൈയ്യൊപ്പാണെന്നും സുനേൽ പറഞ്ഞു.
തുർക്കിയിലെ രക്ഷാദൗത്യത്തിലൂടെ അവിടുത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ഇന്ത്യൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചെന്ന് എൻഡിആർഎഫ് കമ്മാൻഡന്റ് പ്രവീൺകുമാർ തിവാരി പറഞ്ഞു. എൻഡിആർഎഫ് ആണ് അവിടെ രക്ഷാപ്രവർത്തിനായി എത്തിയ ആദ്യം സംഘം. അവിടുത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു. എട്ടിലധികം കെട്ടിടങ്ങൾ അപ്പോഴേക്കും തകർന്നടിഞ്ഞിരുന്നു. മ്യതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി ആളുകളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചതായും പ്രവീൺകുമാർ തിവാരി പറഞ്ഞു.
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തിന് നൽകിയ പേരായിരുന്നു ഓപ്പറേഷൻ ദോസ്ത്.
Comments