ന്യൂഡൽഹി: ഇന്നസെന്റിന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്നസെന്റിന്റെ വേർപാട് മലയാള സിനിമക്ക് തീരാനഷ്ടമെന്ന് മുരളീധരൻ പറഞ്ഞു. ഹാസ്യനടനായും സ്വഭാവനടനായും അതിശയിപ്പിച്ച അദ്ദേഹം ആടി തിമിർത്ത കഥാപാത്രങ്ങളിലൊന്നും മറ്റൊരു താരത്തെ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കുടുംബത്തിന്റെ, സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇന്നലെ രാത്രി 10.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കും. നാളെ രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതും ആയിരിക്കും.
Comments