ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് രോഗസൗഖ്യം ആശംസിച്ചത്. ‘ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു’- എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Praying for the good health and speedy recovery of Pope Francis. @Pontifex https://t.co/UU2PuEixUK
— Narendra Modi (@narendramodi) March 31, 2023
‘ഈ മണിക്കൂറുകളിൽ ലഭിച്ച നിരവധി സന്ദേശങ്ങൾ എന്നെ വല്ലാതെ സ്പർശിക്കുന്നു, ഒപ്പം അടുപ്പത്തിനും പ്രാർത്ഥനയ്ക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. എന്നാൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് ഏതാനും ദിവസംകൂടി ചികിത്സ തുടരേണ്ടിവരും.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് കോവിഡ് ഇല്ലെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Comments