കോട്ടയം: ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ പങ്കെടുത്ത വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന് പരാതിയുമായി കെ. മുരളീധരൻ എംപി. എംഎം ഹസനും ചെന്നിത്തലയ്‌ക്കും വരെ പ്രസംഗിക്കാൻ അവസരം ലഭിച്ചു. പാർട്ടി പത്രം പുറത്തിറക്കിയ സപ്ലിമെന്റിൽ പോലും തന്റെ ചിത്രമില്ലെന്നും മുരളീധരൻ പറഞ്ഞു. വിഷയം ദേശീയ സംഘടന സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചതായും മുരളീധരൻ വ്യക്തമാക്കി.
പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ടെന്നും സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ മുരളീരന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് സംഘാടകരായ ഡിസിസിയുടെ പ്രതികരണം.
സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻപും മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തിലെ സംഘടനാ സംവിധാനം ശരിയല്ലെന്നും കെ. സുധാകരൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായും ഡൽഹിയിൽ എത്തി പരാതി ഉന്നയിച്ചിരുന്നു.
Comments