കാബൂൾ: പുണ്യമാസമായ റമദാനിൽ സംഗീതം മുഴക്കിയെന്ന് ആരോപിച്ച് റേഡിയോ സ്റ്റേഷൻ അടപ്പിച്ച് താലിബാൻ. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന റേഡിയോ സ്റ്റേഷനാണിത്. പത്ത് കൊല്ലം മുമ്പ് ആരംഭിച്ച ഈ സ്റ്റേഷനിൽ എട്ട് ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് പേരും സ്ത്രീകളാണ്.
ഇസ്ലാമിക് എമിറേറ്റായ അഫ്ഗാനിസ്ഥാനിൽ നിലവിൽ തുടർന്ന് പോരുന്ന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് റേഡിയോ സ്റ്റേഷനെതിരെ താലിബാൻ നടപടിയെടുത്തത്. ഇവിടുത്തെ നയങ്ങൾ അംഗീകരിച്ച് കൊണ്ട് ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയാൽ റേഡിയോ സ്റ്റേഷൻ പുനരാരംഭിക്കാൻ അനുവാദം നൽകുമെന്ന് താലിബാൻ വ്യക്തമാക്കി.
എന്നാൽ റമദാൻ മാസത്തിൽ സംഗീതം പ്രക്ഷേപണം ചെയ്തിട്ടില്ലെന്നും റേഡിയോ സ്റ്റേഷൻ അടച്ചുപൂട്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയും ശേഷമത് നടപ്പിലാക്കുകയുമാണ് താലിബാൻ ചെയ്തതെന്നും സ്റ്റേഷൻ അധികാരിയായ നാജിയാ സോറോഷ് പ്രതികരിച്ചു. യാതൊരു തരത്തിലുമുള്ള സംഗീതമോ ഈണങ്ങളോ പ്രക്ഷേപണം ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
Comments