ഡൽഹി: കോൺഗ്രസിനെ എഴുതി തള്ളി ശശി തരൂർ എംപി. പ്രതിപക്ഷ സ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണം. നേതൃസ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഉറപ്പായും പ്രതിപക്ഷ സ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകിയേനെ എന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുമ്പോഴാണ് പാർട്ടിയെ വെട്ടിലാക്കി കൊണ്ടുള്ള തരൂരിന്റെ പ്രസ്താവന. പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിക്കാൻ കഴിയുന്ന ഒരു അവസരമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ലഭിച്ചതെന്നും തരൂർ അഭിപ്രായപ്പെട്ടു.
‘ഞങ്ങൾ ഒരുമിച്ചു നിൽക്കുന്നു, ഭിന്നിച്ചു ഞങ്ങൾ വീഴുന്നു എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം പലർക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ രാഹുലിനെ പിന്തുണച്ചില്ലെങ്കിൽ അവർക്ക് ഓരോത്തർക്കും ഇങ്ങനെ സംഭവിച്ചേക്കും. നിലവിൽ രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപം കൊണ്ടിട്ടുണ്ട്’.
‘ഇതേ രീതിയിലാണ് പോക്ക് എങ്കിൽ തീർച്ചയായും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും. ബിജെപിയുടെ നടപടികൾ അവർക്കു തന്നെ സെൽഫ് ഗോളായി മാറിയിരിക്കുകയാണ്. ഞാനാണ് പാർട്ടിയുടെ നേതൃത്വത്തിലെങ്കിൽ ഉറപ്പായും പ്രതിപക്ഷ പാർട്ടിയുടെ നേതൃസ്ഥാനം ഒരു പ്രാദേശിക പാർട്ടിക്ക് നൽകും. എന്റെ കാഴ്ചപ്പാടിൽ, അഭിമാനത്തേക്കാൾ വളരെ പ്രധാനമാണ് ഐക്യം’- എന്ന് തരൂർ പറഞ്ഞു.
Comments