ചെന്നൈ : ചെന്നൈ കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ മലയാളി അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തു. മുൻ വിദ്യാർത്ഥിനി നടത്തിയ ലൈംഗികാരോപണത്തിൽ മലയാളി അദ്ധ്യാപകൻ ഹരി പദ്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളികളായ അദ്ധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു.
പൂർവവിദ്യാർഥി നൽകിയ പരാതിയെത്തുടർന്ന് വെള്ളിയാഴ്ച നൃത്ത അദ്ധ്യാപകനായ ഹരി പത്മനെതിരെ ചെന്നൈ പോലീസ് കേസെടുത്തിരുന്നു. ലൈംഗികാതിക്രമത്തിലെ വിവിധ വകുപ്പുകളും സ്ത്രീ പീഡന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പദ്മനെതിരേ കേസെടുത്തതെന്ന് ചെന്നൈ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കലാക്ഷേത്ര ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് നടപടി. ഇതോടെ കലാക്ഷേത്ര വിദ്യാർത്ഥി യൂണിയൻ സമരം അവസാനിപ്പിച്ചു.
അദ്ധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് 90 വിദ്യാർത്ഥികൾ വനിതാ കമീഷന് പരാതി നൽകിയിരുന്നു. അദ്ധ്യാപകർക്കെതിരെ കടുത്ത ആരോപണങ്ങളാണ് ക്യാമ്പസിൽ ഉയർന്നത്. വർഷങ്ങളായി അദ്ധ്യപകരിൽ നിന്ന് ലൈംഗിക ദുരുപയോഗം, വർണ്ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ നേരിടുകയാണെന്ന് പരാതികളിൽ പറയുന്നു.വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ കലാക്ഷേത്ര ക്യാമ്പസ് ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അദ്ധ്യപകരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
.
Comments