ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്തെ സോങ് ഡാം കുടിവെള്ള പദ്ധതിക്കായി 1774 കോടി രൂപ അനുവദിക്കണമെന്ന് ധാമി ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. യോഗത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തന്നെ ട്വീറ്റ് ചെയ്തു.
‘ന്യൂഡൽഹിയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാരിന്റെ പ്രത്യേക സഹായത്തോടെ സോങ് ഡാം കുടിവെള്ള പദ്ധതിക്കായി 1774 കോടി രൂപ അനുവദിക്കണമെന്ന് യോഗത്തിൽ ധനമന്ത്രിയോട് അഭ്യർത്ഥിച്ചു’- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സോങ് ഡാം കുടിവെള്ള പദ്ധതി ഡെറാഡൂണിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു.
केन्द्रीय वित्त मंत्री श्रीमती @nsitharaman जी से नई दिल्ली में भेंट कर उनसे सौंग बांध पेयजल परियोजना हेतु ₹1774 करोड़ की धनराशि का वित्त पोषण भारत सरकार के पूंजीगत व्यय के अन्तर्गत कराने हेतु विशेष सहायता का अनुरोध किया। pic.twitter.com/4mTpiczIsC
— Pushkar Singh Dhami (@pushkardhami) April 4, 2023
ഡെറാഡൂൺ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 2022 നവംബറിലാണ് ഉത്തരാഖണ്ഡ് സർക്കാർ സോങ് ഡാം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ഈ പദ്ധതി ഡെറാഡൂൺ, തെഹ്രി ജില്ലകളിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് സഹായകരമാകുമെന്നും ഈ ഡാം ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കുകയും 10 ലക്ഷം ജനങ്ങൾക്ക് പ്രതിദിനം ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുഷ്കർ സിംഗ് ധാമി കൂടിക്കാഴ്ച്ച നടത്തി. ഉത്തരാഖണ്ഡിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഹരിദ്വാറിനും വരാണസിക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ധാമി ആവശ്യപ്പെട്ടു.
ഹരിദ്വാറിനും വാരാണസിക്കുമിടയിൽ വന്ദേഭാരത് ട്രെയിൻ വരുന്നതോട് കൂടി ഇരു പ്രദേശകൾക്കുമിടയിലുളള തീർത്ഥയാത്ര കൂടുതൽ എളുപ്പമാകുമെന്ന് ധാമി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പ്രവർത്തനങ്ങളുടെ പുരോഗതിയെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിയോട് സംസാരിച്ചു. വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.
സംസ്ഥാനത്ത് വിനോദസഞ്ചാരം, കൃഷി, വ്യവസായം, ആരോഗ്യം, എന്നീ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രധാന്യം നൽകും. 2027-ഓടെ ജിഎസ്ഡിപിയിൽ 5.55 കോടിയുടെ വർദ്ധനവുണ്ടാക്കുമെന്നും ധാമി വ്യക്തമാക്കി. ചാർധാം യാത്രയിലേക്കും, ലോഹഘട്ടിലെ മായവതി ആശ്രമത്തിലേക്കും ആദി കൈലാസിലേക്കും പ്രധാനമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.
————————–
Comments