മുംബൈ : വധ ഭീഷണികള്‍ ഏറുന്നതോടെ സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങി നടന് സല്മാന് ഖാന്. അടുത്തിടെയാണ് ഇ മെയില്‍ വഴി സല്‍മാനെതിരെ വധഭീഷണി വന്നത്. തുടര്‍ന്ന് താരത്തിന്റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇല്ലാത്ത കാര്‍ ആണ് താരം ഇറക്കുമതി ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിസാന്‍ പട്രോള്‍ എസ്.യു.വിയാണ് സല്മാന് ഇറക്കുമതി ചെയ്തത്. ഈ എസ്യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. യുഎഇയില്‍ ഇതിന്റെ വില 206,000 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ എകദേശം 45.89 ലക്ഷം രൂപയാണ്.
തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിലെ മറ്റ് ചില രാജ്യങ്ങളിൽ നിന്നാണ് സൽമാൻ കാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫിംഗ് ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും ലഭ്യമായ ഏറ്റവും മികച്ച ഒന്നായി ഈ കാർ കണക്കാക്കപ്പെടുന്നു. ഉയർന്ന പവർ റൈഫിളിൽ നിന്നുള്ള സംരക്ഷണത്തിനായി കാറിൽ 41 mm കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉണ്ട്.
അതേസമയം, സല്മാന് ഖാനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. രാജസ്ഥാന് ജോധ്പൂരിലെ ധക്കാട് രാം ബിഷ്ണോയ് എന്ന 21കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Comments