പ്രണയവും നർമവും കോർത്തിണക്കി അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസിന്റെയും സത്യം സിനിമാസിന്റെയും ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് അനുരാഗം. ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ അരങ്ങേറുന്ന ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
വൺവേ പ്രണയത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അശ്വിൻ ജോസാണ്. ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് അശ്വിൻ ജോസ്. ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെന, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗരി ജി കിഷനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മുമ്പ് ചിത്രത്തിന്റേതായി പുറത്ത് വന്ന ‘ചില്ല് ആണേ’, ‘എതുവോ ഒണ്ട്രു’ എന്നീ ഗാനങ്ങൾ യൂട്യൂബിൽ മില്യൺ കണക്കിന് കാണികളെയായിരുന്നു സ്വന്തമാക്കിയിരുന്നത്. മാത്യൂ, ദിലീഷ് പോത്തൻ, ധ്യാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രമാണ് ഷഹദിന്റേതായി പുറത്തിറങ്ങിയ ചിത്രം. സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജോയൽ ജോൺസ്,ലീജോ പോൾ എഡിറ്റിംഗ്, കലാ സംവിധാനം നിർവഹിക്കുന്നത് അനീസ് നാടോടി എന്നിവരാണ്.
Comments