തൃശൂർ: ഏറെ വിമർശനത്മകമായ രീതിയിലാണ് എലത്തൂർ ഭീകരാക്രമണ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നെന്നും രാഷ്ട്രത്തെ നടുക്കിയ ഭീകരാക്രമണ കേസിൽ യുഎപിഎ ചുമത്താത്തതിൽ ദുരൂഹതയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. സർക്കാർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിന് സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവം നൽകുന്നില്ല. ഭീകര പശ്ചാത്തലമുള്ള സ്ഥലത്ത് നിന്നാണ് പ്രതി വന്നിരിക്കുന്നത്. ഭീകരക്രമണം നടന്ന സ്ഥലം ആസൂത്രിതമായി തിരഞ്ഞെടുത്തതാണ്. കേരളം ഭീകര പ്രവർത്തനം നടത്തുന്നവർക്ക് സുരക്ഷിത സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നുവെന്നും കൃത്യം നടത്തി കേരളം വിട്ട് പോകാൻ പ്രതിയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് മഹാരാഷ്ട്രയിലെ സേനയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസിന് നൽകിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചല്ല ഭീകരാക്രമണം. ആക്രമണത്തിലെ ഭീകരതയാണ് നോക്കേണ്ടത്. പ്രതിയെ മാനസിക രോഗിയാക്കാനുള്ള ശ്രമങ്ങൾ നടന്നു. വോട്ട് ബാങ്കിനെ പിണക്കാതെയാണ് കേരള സർക്കാർ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്.
ഹിന്ദു ഐക്യവേദിയുടെ 20-മത് സംസ്ഥാന സമ്മേളനം തൃശൂരിൽ പുരോഗമിക്കുകയാണ്. 177 സമുദായങ്ങളെ പ്രതിനിധീകരിച്ച് 222 സംസ്ഥാനതല നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. നാളെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും പ്രാതിനിധ്യമുള്ള 10,000 പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ സമ്മേളനം നടക്കും. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയുടെ ഭാഗത്ത് പ്രത്യേകം തയ്യറാക്കിയ പന്തലിൽ വെച്ച് നടക്കും. വിവിധ നേതാക്കൾ വിഷയങ്ങളിൽ ചർച്ച നടത്തും. തൃശൂർ ജില്ല കേന്ദ്രീകരിച്ച് ശക്തി പ്രകടനവും പൊതു സമ്മേളനവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ നാല് പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, അവരുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണം. ഭൂരഹിതരായ നാലര ലക്ഷത്തിലധികം പേരും ഭവന രഹിതരായ എട്ടര ലക്ഷത്തിലധികം ആളുകൾ ലൈഫ് പദ്ധതിയ്ക്ക് കീഴിൽ അപേക്ഷിച്ച് അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുന്നവരാണ്. ഭൂരഹിതർക്ക് സർക്കാരിന്റെ സ്ഥലം പാട്ടത്തിന് നൽകിയ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത അഞ്ച് ലക്ഷത്തിലധികം ഹെക്ടർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും പേരിലാണ്. അവ തിരിച്ചുവാങ്ങി അർഹരായവർക്ക് വിതരണം ചെയ്യുക, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് വീട് നൽകാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും വിശ്വാസികളുടെയും ദുർഭരണത്തിൽ കേരളത്തിലെ ഹിന്ദു ആരാധനാലയങ്ങളിൽ നിറഞ്ഞു വരുന്ന സാഹചര്യമാണുുള്ളത്. മതേതരത്വത്തിന് വിരുദ്ധമായ ഈ നടപടിയിൽ സർക്കാർ ഇടപെടണം. ക്ഷേത്രങ്ങളെ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം, ഭക്തജനങ്ങളെയും വിശ്വാസികളെയും ഏൽപ്പിക്കണം. ക്ഷേത്ര വിശ്വാസികളോട് നീതി കാണിച്ചുകൊണ്ട് ക്ഷേത്രഭരണം വിശ്വാസികളുടെ കരങ്ങളിൽ ഏൽപ്പിക്കണമെന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി 2024 മാർച്ച് 30-നാണ് നടക്കുക. അതിനായി വൈക്കം സത്യാഗ്രഹ ആചരണ സമിതി രൂപീകരിച്ചിട്ടുണ്ട്. -വത്സൻ തില്ലങ്കേരി പറഞ്ഞു.
Comments