ഹൈദരാബാദ്: അഴിമതിയ്‌ക്കും കുടുംബാധിപത്യത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മുൻപ് നടത്തിയ അഴിമതി കഥകൾ പുറത്തുവരാതിരിക്കാൻ സംരക്ഷണം തേടി കോടതിയിൽ പോയവരെ കോടതി തിരിച്ചയച്ചെന്നും അദ്ദേഹം പറഞ്ഞു. . ഒരു കൂട്ടം ആളുകൾക്ക് വികസന പ്രവർത്തനങ്ങളെ പേടിയാണ്. നാടിന്റെ ക്ഷേമവുമായി അവർക്ക് ഒരു ബന്ധവുമില്ല കുടുംബം വളരുന്നത് കാണാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും തെലങ്കാന ഇത്തരക്കാരെ സൂക്ഷിക്കണമെന്നും കോൺഗ്രസിനെയും ബിആർഎസിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ 11,360 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രണ്ടു ദിവസങ്ങളിലായി തെലങ്കാന ,കർണാടക ,തമിഴ്നാട് സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി സെക്കന്തരാബാദിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുപ്പതി ക്ഷേത്രം ദർശിക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കും ഈ ട്രെയിൻ. തെലങ്കാനയിൽ എയിംസ്, ദേശീയ ഹൈവേ ഉൾപ്പടെ 11,360 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും വൈകുകയാണെന്നും ഇത് തെലങ്കാനയിലെ ജനങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു . ചില രാഷ്‌ട്രീയ പാർട്ടികൾ തങ്ങളുടെ അഴിമതി കഥകൾ ആരും അന്വേഷിക്കാതിരിക്കാൻ സംരക്ഷണം തേടി കോടതിയിൽ പോയെന്നും എന്നാൽ കോടതി അവരെ തിരിച്ചയച്ചെന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ പുതിയ ഇന്ത്യ എല്ലാമേഖലകളിലും അതിവേഗം വളരുകയാണെന്ന് കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Comments