മലപ്പുറം : വ്യാജ നിക്ഷേപ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ രണ്ട് പേർ അറസ്റ്റിൽ. നിക്ഷേപത്തിന്റെ ഇരട്ടി തുകയും മാസം തോറും ലാഭവിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം നൽകിയിരുന്നത്. സംഭവത്തിൽ പരാതിക്കാരന്റെ ബന്ധുക്കളായ പെരക്കാത്ര പ്രവീൺ, തരിയറ ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ കാപ്പിൽ സ്വദേശി തരിയറ ഹൗസിൽ ദേവാനന്ദ്, ഭാര്യ സഹോദരി എന്നിവർ ചേർന്ന് രണ്ട് വർഷം മുമ്പ് എംസിടി അഥവാ മൈ ക്ലബ് ട്രേഡേഴ്സിൽ 5,30,000 രൂപ നിക്ഷേപിച്ചിരുന്നു.
ഇരട്ടി തുകയും കൂടാതെ മാസം തോറും 70,000 രൂപ വരെ ലാഭ വിഹിതവും നൽകാമെന്നായിരുന്നു പ്രതികൾ നിക്ഷേപകർക്ക് വാഗ്ദാനം നൽകിയിരുന്നത്. തുടക്കത്തിൽ ആദ്യ മൂന്ന് മാസം ഇവർക്ക് ലഭിച്ചിരുന്നു. പിന്നീട് ലാഭ വിഹിതം കിട്ടാതായതോടെ ഇവർ പ്രതികളെ സമീപിക്കുകയായിരുന്നു. എന്നാൽ പണം കമ്പനയിൽ നിന്നും ഉടൻ ലഭിക്കുമെന്ന മറുപടിയാണ് ഇവർ നൽകിയത്. തുടർന്ന് വിശ്വാസം നഷ്ടപ്പെട്ട ദേവാനന്ദ് വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനരീതിയിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പ്രതികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. വാങ്ങിയ പമം കമ്പനിയിൽ അടച്ചുവെന്നും ഇവർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതേസമയം പണം നിക്ഷേപിച്ചവർക്ക് രസീതോ മറ്റ് രേഖകളോ നൽകിയിട്ടില്ല. പണം നഷ്ടപ്പെട്ട ഏഴോളം പേരാണ് പോലീസിനെ സമീപിച്ചിട്ടുള്ളത്. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Comments