ശ്രീനഗർ : “രാജ്യത്തെ പ്രത്യേക” പാസ്‌പോർട്ട് അനുവദിച്ചതിനെ എതിർത്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി . ഉപരിപഠനത്തിനായി യുഎഇ മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന പാസ്പോർട്ടാണിത് .
ജമ്മു-കശ്മീർ പോലീസിന്റെ സിഐഡി രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇൽതിജയ്‌ക്ക് പ്രത്യേക പാസ്പോർട്ട് അനുവദിച്ചത് . ഇൽതിജ 2022 ജൂണിൽ ഉപരിപഠനത്തിനായാണ് പാസ്‌പോർട്ട് പുതുക്കലിനായി അപേക്ഷിച്ചത് . ഒരു രാജ്യം മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ട് വർഷത്തെ പാസ്‌പോർട്ട് വ്യാഴാഴ്ച ഇൽതിജയ്‌ക്ക് ലഭിച്ചു. എന്നാൽ ഇത് തനിക്ക് പറ്റില്ലെന്നാണ് ഇൽതിജയുടെ നിലപാട് .
താൻ തീവ്രവാദിയല്ലെന്നും തനിക്ക് സാധാരണ പാസ്പോർട്ട് നൽകണമെന്നുമാണ് ഇൽതിജയുടെ വാദം . എന്നാൽ 2017-18 കാലയളവിൽ 54 ആൺകുട്ടികൾക്ക് കൃത്യമായ പരിശോധന കൂടാതെ പാസ്‌പോർട്ട് നൽകിയതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തിയിരുന്നു . ഈ ആൺകുട്ടികൾ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് പോയി, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയിൽ പരിശീലനം നേടി . അവരിൽ പലരെയും നിയന്ത്രണ രേഖ വഴി ജമ്മു കാശ്മീരിലേക്ക് തിരിച്ചുവിട്ടു . ഇവർക്ക് പാകിസ്ഥാനിലേക്കുള്ള വിസ ക്രമീകരിച്ചത് ഹുറിയത്തിന്റെ ഘടകകക്ഷിയുടെ ഒന്നോ അല്ലെങ്കിൽ മറ്റൊരു നേതാവിന്റെയോ നിർദ്ദേശപ്രകാരമാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഇനി രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വയ്‌ക്കുന്നുവെന്ന് സംശയമുള്ള കേസുകളിൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമാകും പാസ്പോർട്ട് അനുവദിക്കുകയെന്നും പോലീസ് പറഞ്ഞു .
സിഐഡിയുടെ പ്രതികൂല റിപ്പോർട്ടിനു പിന്നാലെ പാസ്‌പോർട്ടിനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇൽതിജ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 2 നാണ് ഇൽതിജയുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞത് . ജൂൺ 8 ന് പുതിയതിനായി അപേക്ഷിച്ചിരുന്നു.
തനിക്ക് സാധാരണ പാസ്‌പോർട്ട് നിഷേധിക്കാനുള്ള കാരണങ്ങൾ സിഐഡി കഴിഞ്ഞ മാസം മുദ്രവച്ച കവറിൽ (ഔദ്യോഗിക രഹസ്യ നിയമപ്രകാരം) ഒരു കോടതിക്ക് കൈമാറിയതായി ഇൽതിജ പറഞ്ഞു.
Comments