ന്യൂഡൽഹി: പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷം മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത് 16,000 കോടി രൂപയുടെ( രണ്ട് ബില്യൺ യുഎസ് ഡോളർ) പ്രതിരോധ സാമഗ്രികൾ. 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് തൊട്ട് മുൻപ് വരെ വെറും 1,914 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ ഉത്പന്നങ്ങളുമാണ് രാജ്യം കയറ്റുമതി ചെയ്തത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് അഞ്ച് ബില്യൺ ഡോളറാക്കാനുള്ള പ്രയാണത്തിലാണ് രാജ്യം.
പ്രതിരോധ സാമഗ്രികളുടെ നിർമ്മാണ ഹബ്ബാക്കി രാജ്യത്തെ ഉയർത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 85 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നിലവിൽ നൂറ് വ്യവസായ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സൂപ്പർസോണിക്ക് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, അത്യാധുനിക ലഘു ഹെലികോപ്റ്ററുകൾ, റോക്കറ്റ് വിക്ഷേപണിയായ പിങ്കാര, ലഘു ആയുധങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. നിലവിൽ പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി രാജ്യത്ത് വെറും 11 ശതമാനം മാത്രമാണ്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 40 ഡി ആർ ഡി ഒ ലാബുകൾ, 40 ആയുധ ഫാക്ടറികൾ, എട്ട് പൊതുമേഖല പ്രതിരോധ സ്ഥാപനങ്ങൾ എന്നിവ പ്രതിരോധ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലും ഉത്തർപ്രദേശിലുമാണ് ഇവ
സ്ഥിതിചെയ്യുന്നത്. കൂടാതെ, സ്വകാര്യ മേഖലയുടെ പങ്കാളിത്തതൊടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും സുവർണ്ണ നേട്ടം കൈവരിക്കാനുള്ള പ്രയാണത്തിന് ചാലകശക്തിയായി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ വ്യവസായത്തിന്റെ മാറ്റത്തിനൊത്ത് ചുവട് വെക്കുകയാണ് രാജ്യം. നിലവിൽ അഞ്ചാം തലമുറയിൽപ്പെട്ട പോർ വിമാനങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖല.
Comments