കോഴിക്കോട് : വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ കേസെടുത്ത് വടകര പോലീസ്. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയ വീട്ടമ്മയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്. സംഭവത്തിൽ എടച്ചേരി പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ അബ്ദുൾ സമദിനെതിരെ കോടതി നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.
സംഭവ ദിവസം മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് വടകര സ്വദേശിയായ വീട്ടമ്മ രണ്ടുവർഷം മുമ്പ് എടച്ചേരി പോലീസിൽ പരാതി നൽകിയത്. ഈ പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുൾ സമദായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങിയ എസ് ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലാണെന്നും മൊഴി നൽകാൻ അവിടെയെത്തണമെന്നും വീട്ടമ്മയോട് അബ്ദുൾ സമദ് ആവശ്യപ്പെട്ടു.
എന്നാൽ റിസോർട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് എസ് ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് വടകര പൊലീസ് അബ്ദുൾ സമദിനെതിരെ കേസെടുത്തത്. നേരത്തെ കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയുടെ ഭർത്താവ് വടകര റൂറൽ എസ്.പിക്ക് മുമ്പ് പരാതി നൽകിയിരുന്നു. ഇതോടെ കല്പറ്റയിലേക്ക് മാറ്റിയ അബ്ദുൾ സമദിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.
Comments