കോട്ടയം : ചെങ്ങന്നൂരിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരം. കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴുണ്ടായിരുന്ന ആരോഗ്യ നിലയിൽ നിന്നും കുഞ്ഞ് ഒരുപാട് മെച്ചപ്പെട്ടു. കുഞ്ഞിന്റെ മഞ്ഞ നിറം മാറി തുടങ്ങിയിട്ടുണ്ട്. നവജാത ശിശുക്കൾ കഴിക്കുന്ന ഭക്ഷണവും കുഞ്ഞ് കഴിച്ചു തുടങ്ങിയിട്ടുണ്ട്.
കുട്ടിയുടെ മുഖത്തുള്ള പ്രസരിപ്പും സന്തോഷവും ജീവിതത്തിലേക്ക് തിരികെയെത്തുന്നതിന്റെ ലക്ഷണങ്ങളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. മാസം തികയാതെ ജനിച്ചതും ഭാരക്കുറവുമാണ് കുട്ടിയുടെ പ്രധാന പ്രശ്‌നം. ആന്തരികാവയവങ്ങളുടെ വളർച്ചക്കുറവ് ആരോഗ്യനിലയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ നടന്നു വരികയാണ്.
രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാൽ മാത്രമേ കുട്ടിയെ വാർഡിലേക്ക് മാറ്റാൻ സാധിക്കുകയുള്ളു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് കുട്ടിയെ പരിശോധിക്കുന്നത്. നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നും എന്നാൽ പൂർണ ആരോഗ്യനിലയിൽ എത്തിയെന്ന് പറയാറായിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോലേജിലെ കുട്ടികളുടെ വിഭാഗം ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് പറഞ്ഞു.
Comments