ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി രണ്ട് ഭീകരരും ഒരു പാക് സൈനികനും കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ വാസിരിസ്ഥാൻ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. 32-കാരനായ സൈനികനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ഹാംഗു ജില്ലയിൽ നിന്നുള്ള നായിക് ഫസർ ജനാൻ ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലുകളും പതിവാണ്. ഇതിനോടകം നിരവധി പാക് സൈനികരാണ് വിവിധയിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്നതിനിടെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളും പാക് ഭരണകൂടം നേരിടേണ്ടി വരുന്നത്. ഇന്ധനത്തിനും അവശ്യവസ്തുക്കൾക്കുമുള്ള വില വർധനവും പാകിസ്താനിൽ ഉയരുകയാണ്. പാക് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനജീവിതം ദുസ്സഹമാകാൻ കാരണമെന്നാണ് ആക്ഷേപം.
Comments