തൃശൂർ: ഹിന്ദു ഐക്യവേദി 20-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സമ്മേളനം നടന്നത്. ഏപ്രിൽ ഏഴിന് ആരംഭിച്ച സമ്മേളനത്തിൽ പഞ്ചായത്ത് നഗരസഭ സമിതികളിൽ നിന്നായി തിരഞ്ഞെടുത്ത പതിനായിരത്തോളം പ്രതിനിധികൾ പങ്കെുത്തു.
ഇന്നലെ വൈകീട്ട് നഗരത്തിൽ നടന്ന പ്രകടനത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ്, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആർഎസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ആവശ്യപ്പെട്ടു. ഹിന്ദുത്വമെന്നത് വർഗീയത വളർത്തുന്നതാണെന്ന തരത്തിലാണ് കമ്യൂണിസ്റ്റുകളും ഇടത് ബുദ്ധിജീവികളെന്നു നടിക്കുന്നവരും പറയുന്നതെന്നും ഹിന്ദുസമൂഹം കണ്ണും ചെവിയും സ്വയം മൂടിയ നിലയിലാണ് ജീവിക്കുന്നതെന്നും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് അഭിപ്രായപ്പെട്ടു. മതങ്ങൾ തമ്മിലെ സംഘട്ടനം രാഷ്‌ട്രീയ പാർട്ടികളുടെ ലക്ഷ്യമാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. രാഷ്‌ട്രീയ-സാമുദായിക ഭിന്നതകൾക്കപ്പുറം സാമൂഹ്യമുന്നേറ്റം സൃഷ്ടിക്കാൻ ഹിന്ദു ഐക്യവേദിക്കാകണമെന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ രാമസിംഹൻ അബൂബക്കറിനെ ആദരിച്ചു. പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ.ബി. ശ്രീകുമാർ, കെ.പി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്, പ്രസാദ് കാക്കശേരി എന്നിവരും സംസാരിച്ചു. ഹരിവരാസനത്തിന്റെ സാമൂഹിക ആലാപനവും സമ്മേളനത്തിൽ നടന്നു. തെക്കേഗോപുരനടയിൽ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി സമ്മേളനവേദിയിലാണ് സമാപിച്ചത്.
Comments