എണ്ണിയാലൊടുങ്ങാത്ത നിഗൂഢതകൾ നിറഞ്ഞതാണ് ആമസോൺ മഴക്കാടുകൾ.
ലോകത്തിലെ ഏറ്റവും വലിയ പാമ്പും, ചിലന്തിയും അപകടകാരികളായ മത്സ്യങ്ങളും തിങ്ങിപ്പാർക്കുന്ന, ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ കാടുകൾ. തെക്കേ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായാണ് ആമസോൺ കാടുകൾ വ്യാപിച്ചിരിക്കുന്നത്.
ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന, സൂര്യപ്രകാശത്തിനു പോലും കടന്നു ചെല്ലാൻ കഴിയാത്ത ആമസോൺ കാടുകളിൽ കൗതുകകരമായ അനവധി കാര്യങ്ങളാണിവിടെയുള്ളത്. അവയിലൊന്നാണ് വനത്തിനുള്ളിലൂടെ ഒഴുകുന്ന തിളയ്ക്കുന്ന നദി. ഷനായ് ടിംപിഷ്ക (Shanay-Timpishka) എന്നായിരുന്നു ഈ നദിയുടെ പേര്. ഇപ്പോൾ ആ നദി അറിയപ്പെടുന്നത് ലാ ബൊംബ (La Bomba) എന്ന പേരിലാണ്. ‘സൂര്യതാപം കൊണ്ട് തിളക്കുന്ന’ എന്നാണ് ഈ പേരിന്റെ അർത്ഥം.
ലോകത്തിലെ ഏക തിളയ്ക്കുന്ന നദിഇതാണ്. ഇതിലെ ജലത്തിന്റെ താപനില 45 ഡിഗ്രി മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ഉണ്ടാകാറുണ്ട്. സദാസമയവും നദിയുടെ ഉപരിതലത്തിലൂടെ നീരാവി ഉയരുന്നത് കാണാൻ കഴിയും. നദിയിലെ ജലം തിളച്ചുമറിയുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ചില അനുമാനങ്ങൾ മാത്രമാണിപ്പോഴുമുള്ളത്. ഈ മേഖലയിലെ ഭൂമിയുടെ തെർമൽ എനർജിയുടെ പ്രഭാവം കൊണ്ടാവാം ഈ അത്ഭുതം സംഭവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഈ നദിക്കരയിൽ വസിക്കുന്ന വനവാസികൾ ഇതിനെയൊരു പവിത്രനദിയായി കണക്കാക്കുന്നു. ഇതിലെ ചൂടുവെള്ളത്തിന് രോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഇവർ മരുന്നുകൾ ഉണ്ടാക്കാനും മറ്റും നദിയിലെ ചൂടുവെള്ളം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
Comments