പത്തനംതിട്ട: ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും 1,70,000 രൂപയും മോഷണം പോയി. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. തിരുവല്ല പൊടിയാടി കാനറാ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷണം പോയത്. സ്‌കൂട്ടറിന്റെ ബോക്‌സിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. തോമസ് മാത്യൂ എന്നയാളുടെ വാഹനമാണ് നഷ്ടമായത്.
സഹകരണ ബാങ്കിൽ വായ്പ തിരിച്ചടയ്‌ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മാത്യൂവിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. പണമടയ്‌ക്കുന്നതിനായി സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്നു അദ്ദേഹം. എന്നാൽ കാനറ ബാങ്കിൽ മറ്റൊരാവശ്യത്തിനായി കയറുന്നതിനിടെയാണ് സ്‌കൂട്ടറും പണവും മോഷണം പോയത്.
പെട്ടെന്ന് തിരികെ വരാമെന്ന് കരുതി വാഹനത്തിന്റെ താക്കോൽ സ്‌കൂട്ടറിൽ തന്നെ വെച്ചാണ് മാത്യൂ ബാങ്കിലേക്ക് കയറിയത്. എന്നാൽ ബാങ്കിൽ നിന്ന് തിരികെ വരുമ്പോഴേക്കും സ്‌കൂട്ടറും പണവും മോഷ്ടിക്കപ്പെട്ടിരുന്നു. മാത്യൂ പുളിക്കീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്ക് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments