ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീടു തകർത്തു. പ്രദേശവാസിയായ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവുമാണ് ഇടിച്ചു തകർത്തത്. സംഭവ സമയത്ത് ലീലയും മകളും പേരക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് മൂവരും രക്ഷപ്പെട്ടത്.
ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അസമിൽ നിന്ന് ജി.പി.എസ് റേഡിയോ കോളർ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കാരണം. കോളറിനായുള്ള അനുമതി ഇന്നലെ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷ.പുതിയ റേഡിയോ കോളർ എത്തിയ ശേഷമാകും യോഗം ചേരുക.
അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്ത് പ്രതിഷേധം കനക്കുകയാണെങ്കിലും കോടതി ഉത്തരവിന്റെ പിൻബലത്തിൽ നടപടികൾ തുടരാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ദൗത്യം നീളുന്നത് വനം വകുപ്പിന് വൻ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആനയെ എത്രയും വേഗം പിടികൂടി മാറ്റണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
Comments