തൃശൂർ : അതിരപ്പിള്ളി മേഖലയിൽ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി. അതിരപ്പിള്ളി പ്ലാന്റേഷനിലെ രണ്ടാം ബ്ലോക്കിലാണ് കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയാനയെ കണ്ടെത്തിയത്. മൂന്നാം തവണയാണ് തുമ്പിക്കൈ ഇല്ലാത്ത ആനയെ ശ്രദ്ധയിൽപ്പെടുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. മുമ്പ് രണ്ട് തവണ കണ്ടപ്പോഴും ആനക്കുട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. എന്നാൽ ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് ശേഷമാണ് ആനക്കുട്ടിയുടെ ദൃസ്യങ്ങൾ ലഭ്യമാകുന്നത്. പുതിയ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനായുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. മറ്റ് ആനകൾക്കൊപ്പമാണ് നിലവിൽ ആന കഴിയുന്നത്. കൂട്ടത്തിൽ നിന്ന് വേറിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിന് മുമ്പ് ആനക്കുട്ടിയെ അന്വേഷിച്ച് പരിധിക്കുള്ളിൽ കൊണ്ടു വരുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ആനയ്‌ക്ക് സംരക്ഷണം ഒരുക്കണമെന്ന് പ്രദേശവാസികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Comments