തിരുവനന്തപുരം: കേരളത്തിന്റെ വ്യാപരക്കമ്മി കുറയ്ക്കാൻ ബജറ്റിൽ വിഭാവനം ചെയ്ത ‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയിൽ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പാൻമസാല അടക്കം എട്ടിന പുകയില ഉത്പന്നങ്ങളും. കേരളത്തിലേക്ക് ഒരു വർഷം 1689.81 കോടിയുടെ പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഇിടെത്തെ ഉപഭോഗത്തിന്റെ 63.67 ശതമാനം വരും. കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോട്ടോർ വഹന നിർമ്മാണം അടക്കം 24 മേഖലകളിൽ കേരളത്തിൽ തന്നെ വ്യവസായം തുടങ്ങാമെന്ന് പറയുന്ന റിപ്പോർട്ടിലാണ് പാൻ മസാലയുടെ സാധ്യതയും ഉൾപ്പെടുത്തിയത്. ബീഡി, സിഗരറ്റ്, പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സർദ,കത്തയും ച്യൂവിംഗ് ലൈമും, പാൻ മസാലയും അനുബന്ധ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പുകയില ഉത്പന്ന സാധ്യതപട്ടികയിലുള്ളത്. ലഹരി ഉത്പന്നമായി കണക്കാക്കുന്ന പാൻമസാല വിൽക്കുന്നവർക്കെതിരെ നിയമപ്രകാരം എക്സൈസ്-ആരോഗ്യ വകുപ്പുകൾ കേസെടുക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരി ഉത്പാദന സാധ്യതയെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്ക് 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നും ഇതിൽ 92 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്നും ധനമന്ത്രി ബജറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ നിന്ന് കയറ്റി അയക്കുന്നത് 74,000 കോടി രൂപയുടെ ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപരക്കമ്മി ഉയർന്നതാണെന്നും ഇതിൽ വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്.
Comments