തിരുവനന്തപുരം : പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ആപ്പാണ് കേരള സവാരി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആപ്പിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെയാണ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തൊഴിൽ വകുപ്പിന്റെ നീക്കം. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ച ഓൺലൈൻ ടാക്‌സി സർവീസാണിത്. എന്നാൽ അധികൃതരുടെ കടുംപിടുത്തം കാരണം യാത്രക്കാർക്കും ഡ്രൈവർമാർക്കും ഉപകാരമില്ലാത്ത അവസ്ഥയിലാണ്. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരം ജില്ല മുഴുവനായി കേരള സവാരി വ്യാപിപ്പിച്ചുവെന്നാണ് അധികൃതർ പറയുന്നത്.
അടുത്ത ഘട്ടത്തിൽ എറണാകുളം, തൃശൂർ ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ക്ഷേമനിധി ബോർഡ്. തിരുവനന്തപുരം ജില്ലയിൽ 2,200 ഓട്ടോറിക്ഷ-ടാക്‌സി ഡ്രൈവർമാരാണ് കേരള സവാരിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ പ്രതിദിനം ആപ്പ് തുറന്ന് സവാരിയ്‌ക്ക് തയാറാകുന്നവർ 50 മുതൽ 60 പേർ വരെ മാത്രമാണ്. ഇവരെല്ലാം തമ്പാനൂർ, സെക്രട്ടേറിയറ്റ്, കിഴക്കേക്കോട്ട തുടങ്ങിയ തിരക്കേറിയ പ്രദശങ്ങളിൽ സർവീസ് നടത്തുന്നവരാണ്. നഗര കേന്ദ്രത്തിൽ നിന്ന് രണ്ട് അല്ലെങ്കിൽ മൂന്ന് കീലോമീറ്റർ മാറിയാൽ ഓട്ടോറിക്ഷയോ കാറോ ബുക്ക് ചെയ്യാനാവില്ല. 2022 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ആപ്പ് ആഴ്ചകൾക്ക് ശേഷമാണ് പ്ലേസ്റ്റോറിൽ എത്തിയത്. നിലവിൽ ഏകദേശം 17,000 റജിസ്‌ട്രേഡ് യൂസർമാരാണ് ഉള്ളത്.
ഓഫ്‌ലൈൻ ആക്കിയാലും ഫ്‌ളോട്ടിംഗ് ഐക്കൺ ഫോണിൽ ഉണ്ടാകും. ബുക്കിംഗ് നോട്ടിഫിക്കേഷൻ ശബ്ദം അറിയാൻ കഴിയില്ല. യാത്ര തുടങ്ങിയതിന് ശേഷമുള്ള ഡ്രൈവറുടെ ലൊക്കേഷൻ ആപ്പിൽ അപ്‌ഡേറ്റ് ആകാത്തതിനാൽ ഡ്രോപ്പിംഗ് പോയിന്റിൽ നിന്ന് പുതിയ ബുക്കിംഗ് എടുക്കാൻ സാധിക്കില്ല. റെന്റൽ കാബിനുള്ള ഡമ്മി ഓപ്ഷൻ മാത്രമാണ് ഉള്ളത്്. എല്ലാത്തരം കാറുകൾക്കും ഒരേ നിരക്കാണ് ആപ്പിൽ കാണിയ്‌ക്കുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ആപ്പിനുള്ളത്
Comments