മുംബൈ : സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ തർക്കങ്ങൾക്കിടയിൽ വൻ പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ. വീർ സവർക്കറുടെ ജന്മദിനം , മെയ് 28 ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. വീർ സവർക്കറുടെ ജന്മദിനം ആഘോഷിക്കാനുള്ള നിർദ്ദേശം മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രി ഉദയ് സാമന്ത് ആണ് മുന്നോട്ടുവച്ചത് . ഈ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയുടെ പ്രഖ്യാപനം.
“സ്വാതന്ത്ര്യ സമര സേനാനി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് സംസ്ഥാന സർക്കാർ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ വികസനത്തിനും വലിയ സംഭാവനയാണ് സ്വാതന്ത്ര്യ വീർ സവർക്കർ നൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹവും ധൈര്യവും പുരോഗമന ചിന്തകളും മുന്നോട്ട് കൊണ്ടുപോകാൻ ‘സ്വാതന്ത്ര്യ വീർ ഗൗരവ് ദിവസ്’ ആഘോഷിക്കണമെന്നും അതിലൂടെ അദ്ദേഹത്തെ ആദരിക്കണമെന്നും വ്യവസായ മന്ത്രി ഉദയ് സാമന്ത് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിൽ മുഴുവൻ സവർക്കർ ഗൗരവ് യാത്ര നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. .
Comments