ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 189 സ്ഥാനാർത്ഥികളടങ്ങുന്ന ആദ്യ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് വച്ചായിരുന്നു പ്രഖ്യാപനം.
189ൽ 52ഉം ആദ്യമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നരാണ് എന്നതാണ് പ്രത്യേകത. ആകെയുള്ള സ്ഥാനാർത്ഥികളിൽ 32 പേരും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. 20 പേർ എസ്.സി വിഭാഗത്തിലുള്ളവരും 16 പേർ എസ്ടി വിഭാഗത്തിലുള്ളവരുമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു.
കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ തന്റെ സ്വന്തം മണ്ഡലമായ ഷിഗൗണിൽ നിന്നാണ് മത്സരിക്കുക. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിഐ വിജയേന്ദ്ര അച്ഛന്റെ മണ്ഡലമായ ശിഖാരിപുരയിലെ സ്ഥാനാർത്ഥിയാണ്. വരുണയിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്ക് എതിരാളിയായി ബിജെപി നിശ്ചയിച്ചത് വി. സോമന്നയെയാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതേസമയം സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെ കനകപുരയിൽ ബിജെപി നിർത്തിയ സ്ഥാനാർത്ഥിയാണ് ആർ അശോക്.
ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ചിക്കമംഗളൂരുവിൽ നിന്ന് മത്സരിക്കും. കൂടാതെ 189 സ്ഥാനാർത്ഥികളിൽ ഒമ്പത് പേർ ഡോക്ടർമാരും അഞ്ച് പേർ അഭിഭാഷകരുമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ എട്ട് സ്ത്രീകളും സ്ഥാനാർത്ഥികളിൽ ഇടംപിടിച്ചു. മെയ് 10നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. 13-നാണ് ഫലപ്രഖ്യാപനം.
Comments