പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർതൃമാതാവ് അറസ്റ്റിൽ. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തിനെ (58) യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24നാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ഭർതൃഗൃഹത്തിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയിൽ 26നാണ് ഷംന മരണപ്പെട്ടത്. മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു.
യുവതിയുടെ പിതാവ് സലിംകുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് അന്വേഷണസംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് ഇരയായിരുന്നതായി തെളിഞ്ഞത്. ഭർത്താവിന്റെ മാതാവ് മൻസൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സഹിക്കവയ്യാതെ ജീവനൊടുക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
Comments