ന്യൂഡൽഹി: മുൻകാല കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ മേഖലയിലെ ആധുനികവൽക്കരണത്തെ തടഞ്ഞത് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളുടെ സ്വാർത്ഥ മനോഭാവവും അഴിമതി നിറഞ്ഞ രാഷ്ടീയവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-അജ്മീർ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അഴിമതി നിറഞ്ഞ മുൻകാല രാഷ്ട്രീയം റെയിൽവേയുടെ വികസന പ്രവർത്തനങ്ങളെ എല്ലായ്പ്പോഴും തകർത്തുവെന്നും റെയിൽവേ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായത് 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രവുമല്ല റെയിൽവേ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കിരുന്നത് രാഷ്ട്രിയ താൽപ്പര്യം മുൻ നിർത്തിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം റെയിൽവേ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുന്നു. ട്രെയിനുകൾ ഇന്ന് സുരക്ഷിതവും വൃത്തിയുള്ളതുമാണ്. ഈ പരിവർത്തനം ഉണ്ടായത് 2014 ന് ശേഷമാണെന്നും മോദി ചൂണ്ടിക്കാട്ടി.
വന്ദേഭാരത് എക്സ്പ്രസ് ആധുനികതയുടെയും വികസനത്തിന്റെയും സ്വയം പര്യാപ്തതയുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്ര നാളത്തെ ഇന്ത്യയുടെ വികസനത്തിലേക്കുളള യാത്രയാണെന്നും മോദി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളിൽ 60 ലക്ഷം ജനങ്ങൾ യാത്ര ചെയ്തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments