ന്യൂഡൽഹി : മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മജിസ്‌ട്രേറ്റ് കോടതി കേസിൽ രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിധി നടപ്പാക്കുന്നത് സുറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമേ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കു. ഈ സാഹചര്യത്തിൽ രാഹുലിന് ഇന്ന് നിർണായക ദിനമാണ്.
2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ അപകീർത്തി കേസ് ഫയൽ ചെയുകയായിരുന്നു. രാഹുൽ അപമാനിച്ചത് ഒരു വ്യക്തിയെയല്ല മറിച്ച് ഒരു സമുദായത്തെ മുഴുവനാണ് എന്ന വിധി വന്നതോടെ രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമായി.
ഇതിന് പുറമേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ പരാതി നൽകി. വീർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. തന്റെ മുത്തച്ഛനെ രാഹുൽ അധിക്ഷേപിച്ചുവെന്നും നടപടി വേണമെന്നും സത്യകി ആവശ്യപ്പെട്ടിട്ടുണ്ട്. പൂനെയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സത്യകി സവർക്കർ അപകീർത്തി കേസ് സമർപ്പിച്ചത്.
Comments