ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയും തമ്മിലുള്ള നിക്കാഹ് ഇസ്ലാമിക വിരുദ്ധമായിരുന്നുവെന്ന് വിവാഹത്തിന് കാർമ്മികത്വം വഹിച്ച മതപണ്ഡിതൻ. വിവാഹം നടന്നപ്പോൾ ബുഷ്റ ഇദ്ദയിലായിരുന്നു എന്നും അതിനാൽ ഇമ്രാനുമായുള്ള വിവാഹം ശരിയത്തിന് വിരുദ്ധമാണെന്നും മുഫ്തി മുഹമ്മദ് സയ്യിദ് പാക് സിവിൽ കോടതിയെ അറിയിച്ചു. ഇമ്രാൻ ഖാന്റെ വിവാഹത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു പണ്ഡിതന്റെ തുറന്നുപറച്ചിൽ.
2017 നവംബറിലാണ് ബുഷ്റ ബീവി ആദ്യ വിവാഹ ബന്ധം വേർപെടുത്തുന്നത്. ഇസ്ലാമിക നിയമപ്രകാരം വിവാഹ മോചിതയായ സ്ത്രീയ്ക്ക് 89 ദിവസം ഇദ്ദാ കാലയളവാണ്. എന്നാൽ ഇത് 2018 ജനുവരിയിൽ ഇദ്ദാ കാലയളവ് അവസാനിക്കുന്നതിന് മുൻപ് തന്നെ ഇമ്രാനും ബുഷ്റയും തമ്മിലുള്ള നിക്കാഹ് നടന്നു. അതിനാൽ ഈ വിവാഹ ബന്ധം ഇസ്ലാമിക വിരുദ്ധമെന്നാണ് മത പണ്ഡിതന്റെ വാദം.
ഇമ്രാന്റെ മൂന്നാം ഭാര്യയാണ് ബുഷ്റ ബീവി. 1995 ൽ ഇംഗ്ലീഷ് ടെലിവിഷൻ അവതാരക ജെമീമ ഗോൾഡ്സ്മിത്തിനെ വിവാഹം ചെയ്തെങ്കിലും 2004ൽ ഇവർ വേർപിരിഞ്ഞു. പാകിസ്താനി മാദ്ധ്യമ പ്രവർത്തക രഹം ഖാനായിരുന്നു ഇമ്രാന്റെ രണ്ടാം ഭാര്യ. ഇരുവരും 2015ൽ വിവാഹിതരാകുകയും അതേ വർഷംതന്നെ വേർപിരിയുകയും ചെയ്തു.
Comments