ചെന്നൈ: തമിഴ്നാട്ടിൽ ഒരേ ദിവസം 45 സ്ഥലങ്ങളിൽ രാഷ്ട്രീയ സ്വയം സേവക സംഘം പഥസഞ്ചലനം നടത്തും. പഥസഞ്ചലനം നടത്താൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് 16-ന് സംസ്ഥാനത്തുടനീളം പഥസഞ്ചലനം നടത്താൻ ആർഎസ്എസ് തീരുമാനിച്ചത്. പഥസഞ്ചലനത്തിന് നേരേ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഇതിനെ കോടതി നിശിതമായി വിമർശിച്ചു. ഒരു തീവ്രവാദ സംഘടനയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അതിനായി പഥസഞ്ചലനം നിരോധിക്കണം എന്നും സർക്കാർ പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തീവ്രവാദ സംഘടന ആക്രമിക്കുകയാണെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു.
വിജയദശമിദിനത്തിൽ ആർഎസ്എസ് നടത്താറുള്ള പഥസഞ്ചലനം തമിഴ്നാട്ടിൽ മാത്രം തടഞ്ഞത് വിവാദമായിരുന്നു. അനുമതി തടഞ്ഞതോടെ ആർഎസ്എസ് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ പഥസഞ്ചലനം ഏപ്രിൽ 16-ന് ഒരേദിവസം എല്ലായിടത്തും നടത്തുമെന്ന് ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു.
Comments