ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു. കർണാടകയിലെ മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളിൽ 14 ,15 തീയതികളിലാണ് വിഷു ആഘോഷിക്കുന്നത്. സംസ്കൃതത്തിൽ വിഷു എന്നാൽ തുല്യത എന്നാണ് അർത്ഥം. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് മലയാളികൾക്ക് വിഷു.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ നരകാസുരൻ എന്ന അസുരനെ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. എന്നാൽ മറ്റൊരു ഐതീഹ്യത്തിൽ, രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിലടിച്ചതിനാൽ അതിൽ പ്രകോപിതനായ രാവണൻ സൂര്യനെ തനിക്ക് നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും എന്നാൽ രാമൻ രാവണനെ വധിച്ച ശേഷം പൂർവ്വ സ്ഥിതിയിൽ സൂര്യൻ ഉദിച്ച ദിനമാണ് വിഷുവെന്നും കരുതപ്പെടുന്നു. വിഷുവിന്റെ തലേ ദിവസം വീട് വൃത്തിയാക്കുന്നത് രാവണന്റെ വധത്തിന് മുൻപ് നടന്ന ലങ്കാദഹനത്തെയാണ് സൂചിപ്പിക്കുന്നതെന്നും വിശ്വസിക്കുന്നു.
മലയാളികൾ പുതിയ തുടക്കമായി വിഷുദിനത്തെ ആചരിക്കുകയും പുതിയ കാര്യങ്ങൾ ചെയ്യുന്നതിനായി ഈ ദിനം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. വിഷുക്കണി കണ്ടുണർന്നും കൈനീട്ടം വാങ്ങിയും സദ്യകഴിച്ചുമാണ് മലയാളികൾ വിഷു ആഘോഷകരമാക്കുന്നത്. ശബരിമല, ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ വിഷു ദിനത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ബംഗാളിൽ പൊയ്ല ബൈസാഖ്, പഞ്ചാബിൽ ബൈശാഖി, അസമിൽ ബിഹു, തമിഴ്നാട്ടിൽ പുത്താണ്ട് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ദിനം ആഘോഷിക്കുന്നു. വിഷുദിനം ആഘോഷിക്കുന്നത് ഒരേ ആശയത്തോടെയാണെങ്കിലും പേരുകളും ആചാരങ്ങളും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്.
Comments