ജയ്പൂർ: ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയെ ശാക്തീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ സർക്കാരിനെ സഹായിക്കാൻ രാജ്യത്തെ യുവാക്കൾ രംഗത്തുവരണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ. പുതിയ ആശയങ്ങൾ കൊണ്ടുവരാൻ യുവാക്കൾ മുന്നിട്ടിറങ്ങണം. ഇന്ത്യ സുരക്ഷിതവും ശക്തവും സ്വയംപര്യാപ്തവുമാണ്. വരും കാലങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലാ മേഖലകളിലും വർദ്ധിക്കുമെന്നും ശാസ്ത്ര-സാങ്കേതികരംഗത്ത് മികവ് കൈവരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
‘ഇന്ത്യ യുവത്വത്തിന്റെ കരുത്തിൽ പുതിയ സ്വപ്നങ്ങൾ കാണുന്നു, പുതിയ ലക്ഷ്യങ്ങൾ താണ്ടുന്നു. ഇന്ത്യയെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റാൻ സർക്കാർ പരിശ്രമിക്കുകയാണ്. അത് സാക്ഷാത്കരിക്കാൻ രാജ്യത്തെ യുവജനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. പുതിയ പദ്ധതികൾ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും പരിവർത്തനം ചെയ്യാനുമുള്ള അതുല്യമായ ശക്തി യുവാക്കൾക്കുണ്ട്. പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിൽ യുവാക്കൾക്ക് വലിയ അവസരങ്ങൾ സർക്കാർ നൽകുന്നുണ്ട്.
സമ്പദ്വ്യവസ്ഥയോ, ശാസ്ത്ര സാങ്കേതിക വിദ്യയോ, ആരോഗ്യമോ, പ്രതിരോധമോ ആകട്ടെ ഭാരതം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും. സമീപ വർഷങ്ങളിൽ ഇന്ത്യ ഒരു ശക്തമായ രാഷ്ട്രമായി ഉയർന്നുവന്നു. 2027-ഓടെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഭാരതം മാറും എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഉദയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ സമഗ്രമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അറിവിനും നൈപുണ്യത്തിനും തുല്യമായ ഊന്നൽ നൽകുകയും ചെയ്യുന്ന, യുവജനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്രം സ്വീകരിച്ച നിരവധി പദ്ധതികളെപ്പറ്റിയും രാജ്നാഥ് സിംഗ് സംസാരിച്ചു.
Comments