ബെംഗളൂരു: ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷപരാമർശം നടത്തിയതിന് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത കന്നഡ നടൻ ചേതൻ കുമാർ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ -ഒസിഐ) റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇപ്പോൾ ജാമ്യത്തിലുള്ള നടൻ ‘ഇന്നലെ, അംബേദ്കർ ജയന്തി ദിനത്തിൽ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു
ഹിന്ദുത്വ എന്ന ആശയം നുണകളാൽ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമർശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതൻ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മതത്തെയും മതവിശ്വാസത്തയും അപമാനിച്ചുവെന്നും ജനങ്ങൾക്കിടയിൽ ശത്രുതാ മനോഭാവം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നുമാണ് നടനെതിരായിട്ടുള്ള കേസ്. മാർച്ച് 20-ന് ട്വിറ്ററിലൂടെയായിരുന്നു നടൻ വിവാദ പരാമർശം നടത്തിയത്.
ഇതാദ്യമായല്ല ചേതനെതിരെ പരാതി ഉയരുന്നത്. 2022 ഫെബ്രുവരിയിൽ ഹിജാബ് കേസിൽ വാദം കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെ അറസ്റ്റ് ചെയ്തിരുന്നു. കാന്താര എന്ന സിനിമയെക്കുറിച്ച് ചേതൻ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ഗോത്രവർഗക്കാരുടെ സാംസ്‌കാരിക അസ്തിത്വം ബ്രാഹ്‌മണ്യവുമായി ഇടകലർന്നതാണെന്നാണ് ചേതൻ പറഞ്ഞു.
Comments