കൊല്ലം: സൈനികനെയും കുടുംബത്തെയും വീട്ടിൽ കയറി അതിക്രൂരമായി ആക്രമിച്ച് പോലീസ്. മുഖത്തല സ്വദേശി കിരൺകുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു പോലീസിന്റെ അതിക്രമം. കൊല്ലം കൊട്ടിയത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പോലീസുകാർ വീട്ടിലെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നായിക് ആണ് കിരൺ.
അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കിരൺകുമാറിനെ തറയിലേക്ക് വലിച്ചിടുകയും 3 പോലീസുകാർ ഇയാളുടെ ശരീരത്ത് കയറി ഇരുന്ന് മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. അമ്മയുടെ മുൻപിൽ വെച്ചാണ് കിരൺകുമാറിനെ ക്രൂരമായി അക്രമിക്കുന്നത്. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ പോലീസുകാർ കൂടുതൽ ബലം പ്രയോഗിക്കുകയും ബൂട്ടിട്ട കാല് കൊണ്ട് കിരൺ കുമാറിനെ നിർദ്ദാക്ഷിണ്യം ചവിട്ടുന്നുമുണ്ട്. കരഞ്ഞ് നിലവിളിച്ചുകൊണ്ട് പോലീസുകാരെ തടയാൻ ശ്രമിക്കുന്ന അമ്മയെയും പോലീസുകാർ വെറുതെ വിട്ടില്ല. അമ്മയുടെ കാലിലും പോലീസുകാർ ബൂട്ടിട്ട് ചവിട്ടി. അമ്മയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു പൊതുകാര്യവുമായി ബന്ധപ്പെട്ട് കിരൺകുമാറിന്റെ പിതാവ് പരാതി നൽകിയിരുന്നു. ഇത് പോലീസ് അവഗണിക്കുകയും എതിർ വിഭാഗത്തിന്റെ പരാതിയിൽ വീട്ടിലെത്തുകയും ചെയ്തു. തുടർന്നാണ് പോലീസ് അക്രമം അരങ്ങേറിയത്. കിരൺകുമാറിന്റെ വീട്ടിൽ എത്തിയ പോലീസുകാർ ഉടൻ തന്നെ അവനെ വിളി എന്ന് പറഞ്ഞാണ് അകത്തേക്ക് അതിക്രമിച്ചു കയറിയതെന്ന് കിരണിന്റെ ഭാര്യ പറഞ്ഞു. എന്നാൽ രാവിലെ കൊടുത്ത പരാതിയുടെ തുടർ നടപടിക്കായി എത്തിയതെന്നായിരുന്നു വീട്ടുകാർ അപ്പോൾ കരുതിയത്. കിരൺകുമാറിന്റെ അച്ഛൻ പുറത്തേക്കിറങ്ങി വന്നിട്ടും അവനെ ഇങ്ങ് വിളി എന്ന് പറഞ്ഞ് പോലീസ് കിരൺ കുമാറിനെ അന്വേഷിച്ചുകൊണ്ടേയിരുന്നു. കിരൺകുമാർ ഇറങ്ങി വന്നപ്പോൾ ആക്രോശിച്ചുകൊണ്ട് ഫോൺ തട്ടി തറയിലിട്ട് പൊട്ടിക്കുകയും ചെയ്തുവെന്ന് കിരണിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
പോലീസുകാരുടെ രൂക്ഷമായ പെരുമാറ്റത്തിൽ കാര്യം അറിയാതെ, ആരുടെയും കൂടെ വരില്ലെന്ന് പറഞ്ഞ് അകത്ത് സോഫയിൽ കയറി ഇരുന്ന കിരണിനെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് വീട്ടിൽ തർക്കവും ബലപ്രയോഗവും ക്രൂരമർദ്ദനവും അരങ്ങേറിയത്. കിരൺകുമാറിന്റെ മക്കളുടെ മുൻപിലിട്ടായിരുന്നു പോലീസിന്റെ അതിക്രമം. ഒടുവിൽ ബെഡ്ഷീറ്റും തുണിയും ഉപയോഗിച്ച് കൈയ്യും കാലും കൂട്ടിക്കെട്ടിയാണ് കിരണിനെ സ്റ്റേഷനിലേക്ക് പോലീസ് കൊണ്ടുപോയത്.
Comments