തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്. വൈദ്യുതി ഉപഭോഗം കണക്കുകൂട്ടലുകൾ തെറ്റിച്ച് കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇങ്ങനെ പോയാൽ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.വൈദ്യുതി ഉപയോഗം നിയന്ത്രിയ്ക്കാൻ വൈകുന്നേരങ്ങളിലെ ഉപയോഗം കുറയ്ക്കണം. യൂണിറ്റിന് പത്ത് രൂപ നിരക്കിൽ കിട്ടിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
വേനൽകടുത്തതോടെയാണ് സംസ്ഥനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോഡ് തൊട്ടത്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇക്കാരണങ്ങളാൽ പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തിൽ കെഎസ്ഇബി അനധികൃത പവർ കട്ട് നടപ്പാക്കുകയാണെന്ന് ആക്ഷേപമുണ്ട്. പലയിടങ്ങളിലും ഇതിനോടകം പവർ കട്ട് നടക്കുന്നതായി പരാതികളും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് 6 മുതൽ 11വരെ വൈദ്യുതി ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പരമാവധി ലൈറ്റുകൾ ഓഫ് ചെയ്യണം. എസി 25 ഡിഗ്രി സെൽഷ്യസ് ആയി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
Comments