തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്നറിയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു. സ്കൂളുകളിലൂടെ പരീക്ഷാഭവന്റെ വെബിസൈറ്റിൽ ഗ്രേസ് മാർക്കിനുള്ള ഓൺലൈൻ എൻട്രി നടത്താനുള്ള സമയപരിധി ഈ മാസം 28 വരെയാണ്. വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് അന്തിമ ഗ്രേസ് മാർക്ക് അനുവദിക്കേണ്ടത്.
വിദ്യാർത്ഥികൾ www.sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ഓൺലൈൻ മുഖേന രേഖപ്പെടുത്തണം. ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. സർട്ടിഫിക്കറ്റുകൾ അതതു സ്കൂളുകളിലെ പ്രധാന അദ്ധ്യാപകന്റെ മേലൊപ്പോടെ വേണം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കാൻ. സംസ്ഥാന സ്കൂൾ കലേത്സവത്തിൽ പങ്കെടുത്തവർക്ക് 20,15,10 എന്നിങ്ങനെയാണ് ഗ്രേഡിനനുസൃതമായി ഗ്രേസ് മാർക്ക് ലഭിക്കുക. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ മേഖലകളിലും സംസ്ഥാനതല ശാസ്ത്രസെമിനാർ, സിവി രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, വാർത്താവായന മത്സരം, സാമൂഹികശാസ്ത്ര ടാലന്റ് സെർച്ച് എന്നിവയിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് യഥാക്രമം 20,17,14 എന്നിങ്ങനെ ഗ്രേസ് മാർക്ക് ലഭിക്കും.
സംസ്ഥാനതലത്തിൽ വ്യക്തിഗത ഇനങ്ങളിലോ ഗെയിംസ് ഇനങ്ങളിലോ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് മാത്രമേ 20.17,14 എന്നീ ഗ്രേസ് മാർക്കുകൾ ലഭിക്കുകയുള്ളു. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും ആദ്യ മൂന്ന് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് മാത്രമേ എസ്എസ്എൽസിയ്ക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ടാവുകയുള്ളു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരിനത്തിൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കുകയുള്ളു.
Comments